'മറ്റൊരു മരുന്നും ഏറ്റില്ലെങ്കിൽ കാളൻ നെല്ലായി' എന്നൊരു പ്രസിദ്ധ വാചകമുണ്ട്. 'ലീഡർ' എന്ന് കാര്യസാധ്യത്തിനായി പലരും വിശേഷിപ്പിച്ചിരുന്ന കെ. കരുണാകരന്റെ ആ പ്രിയ വാചകം എതിരാളികളെ ഉന്നമിട്ടായിരുന്നു. കാര്യമായ എതിരാളികൾ ഇല്ലെന്നു കണ്ടതോടെ ആയുധം മടക്കാനും നിവൃത്തിയില്ലാത്ത ഘട്ടത്തിൽ സ്വന്തം പാർട്ടിയിൽ തന്നെയായി പ്രയോഗം. അന്തർദേശീയ തലത്തിൽ 'കാളൻ നെല്ലായി'ക്ക് അർഥം 'ശീതസമരം.' സമയം കൊല്ലാൻ മറ്റു വകകൾ കാണാതെ ഇപ്പോൾ ലീഡറുടെ അനന്തരാവകാശികൾ ശീതസമരം പാർട്ടിക്കകത്ത് പൂർവാധികം ഭംഗിയായി നിർവഹിക്കുന്ന കാലമാണ്.
ശീതസമരത്തിന്റെ പുതിയ മുഖം സി.പി.ഐക്കകത്തും പ്രത്യക്ഷപ്പെടുന്നുണ്ട്. പാർട്ടി ഭരണഘടനാപരമായി സംസ്ഥാന സെക്രട്ടറി അഖിലേന്ത്യാ സെക്രട്ടറിയ വിമർശിക്കുവാൻ പാടില്ല. അതില്ലാതെ ഉറക്കം വരില്ലയെന്ന ഘട്ടത്തിൽ രാത്ര പന്ത്രണ്ടു മണിക്കു ശേഷം സ്വകാര്യമായ മൊബൈൽ ഫോണിൽ ആകാം. പുത്രകളത്രാദികൾ അറിയരുതെന്ന് അനുഛേദം ബി- ഒന്നിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആനി രാജ - ഭർത്താവ് രാജ - കാനം രാജ സംവാദത്തിൽ കാര്യം നിസ്സാരമല്ല; പ്രശ്‌നം ഗുരുതരം തന്നെയാണ്. ആനിയുടെ പോലീസ് വിമർശനത്തിൽ വകുപ്പു മന്ത്രി പിണറായിക്കു മുമ്പേ ഞെട്ടിയ സഖാവാണ് കാനം. രാജ- കാനം ശീതസമരം പെട്ടെന്നു തീരുമോ? അവർക്കു മറ്റു പണിയൊന്നുമില്ലാത്തതിനാൽ നീണ്ടുപോകും. ഇന്ത്യയിൽ സി.പി.ഐ എന്നൊരു കക്ഷിയുണ്ടെന്ന കാര്യത്തിൽ ചൈന, ക്രൊയേഷ്യ, ക്യൂബ, അന്റാർട്ടിക്ക തുടങ്ങിയ നാട്ടുസഖാക്കൾക്കുള്ള ശങ്ക ഇതോടെ അസ്തമിക്കും. പക്ഷേ ഇന്നാട്ടിലെ ന്യൂജെൻ സഖാക്കളാണ് കഷ്ടത്തിലായത്. പാർട്ടി ഭരണഘടന എന്നു വസ്തു അവർ ഇനി തൊട്ടുനോക്കേണ്ടിവരും. എന്തൊക്കെ പരീക്ഷണങ്ങളാണ് പാവം യുവതലമുറ നേരിടേണ്ടി വരുന്നത്? ഞാനും പാർട്ടി ഭരണഘടന വായിച്ചിട്ടു തന്നെയാണ് കഴിഞ്ഞു പോരുന്നത്'- എന്ന് ഏതോ ദുർബല നിമിഷത്തിൽ കാനം സഖാവ് പ്രസ്താവിച്ചു പോയി. മറ്റു പ്രസ്താവനകൾക്കൊന്നും അവസരമില്ലാഞ്ഞ് ചെയ്ത കടുംകൈയായിരുന്നു. ആരൊക്കെയാണ് ഇതിനു പ്രായശ്ചിത്തം ചെയ്യേണ്ടിവരുക! കഷ്ടം!
സീതാറാം യെച്ചൂരിയുടെ കാര്യവും ബുദ്ധിമുട്ടിലാണ്. കോൺഗ്രസില്ലാതെ ഒരു കേന്ദ്ര കക്ഷി വിരുദ്ധ മുന്നണി സാധ്യമല്ലെന്ന് അദ്ദേഹം അറുത്തു മുറിച്ചു പറഞ്ഞു. വക്കിലും വാക്കിലും ചോര പൊടിഞ്ഞില്ല എന്നേയുള്ളൂ. പക്ഷേ സഖാവ് ഇക്കാര്യം പിണറായി സഖാവിന്റെ സാന്നിധ്യത്തിൽ ഉരുവിടുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. അടുത്ത പാർട്ടി കോൺഗ്രസ് ഏപ്രിലിൽ കണ്ണൂരിലാണ് നടക്കാൻ പോകുന്നത്. തിരുത്തിപ്പറയാം, പിണറായി നടത്താൻ പോകുന്നത്. കശ്മീരിൽ പോകുന്നവർ കമ്പിളിയുടുപ്പും പുതുപ്പുമൊക്കെ കരുതുന്നത് എന്തിനാണ്? സ്വന്തം തടി രക്ഷിക്കുവാൻ തന്നെ, സംശയമില്ല. കോൺഗ്രസ് കൂടെയില്ലാതെ ബി.ജെ.പിയെ നേരിടാൻ കഴിയില്ല എന്ന പ്രസ്താവനയങ്ങുപേക്ഷിച്ച് കരുതലോടെ മാത്രമേ യെച്ചൂരി സഖാവ് കേരളത്തിൽ പ്രത്യക്ഷപ്പെടുകയുള്ളൂ. സ്വന്തം തടി, കസേര ഇവയൊക്കെ 'കരുതണം' ഒരു ശീതസമരവുമില്ല, ബൗദ്ധിക പ്രശ്‌നവുമില്ല, ഇത് സി.പി.എമ്മാണ്.
ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ടെന്നറിയാത്ത സഖാവ് വിദ്യാഭ്യാസ മന്ത്രിയായി വാഴുന്നു. മുഖ്യമന്ത്രിക്ക് അറിയാമായിരുന്നെങ്കിൽ തിരുത്താമായിരുന്നു. നൂറു തവണ 'ഇമ്പോസിഷൻ' എഴുതിക്കാണിക്കാൻ ഓർഡറിടാമായിരുന്നു. അദ്ദേഹവും ഒന്നും ചെയ്തില്ല. അതിൽനിന്നും എന്താണ് മനസ്സിലാക്കേണ്ടത്? രാജ്യസ്‌നേഹം കൊണ്ട് മാത്രം ശ്വാസോഛ്വാസം നടത്തിപ്പോരുന്ന ബി.ജെ.പിക്കാർക്കും സംസ്ഥാനങ്ങളുടെ കണക്ക് നിശ്ചയമില്ല. അവർക്ക് 23. മന്ത്രിക്ക് 35. ഒരു പക്ഷേ ഇവരൊക്കെ പഠിച്ചിരുന്ന കാലത്ത് നേടിയ ഏറ്റവും ഉയർന്ന മാർക്കാവുമോ ഇത്? കളിയാക്കുകയല്ല; അഭിമാനകരമായ നേട്ടങ്ങൾ മനസ്സിൽ മായാതെ കിടക്കുമല്ലോ?
**** **** ****
ശോഭാ സുരേന്ദ്രൻ നല്ല നേതാവാണ്, ജന്മം കൊണ്ടു പെണ്ണും സംഘപരിവാറുമായിപ്പോയി എന്ന ദോഷമേയുള്ളൂ. പന്ത്രണ്ടാം വയസ്സിൽ ചേവായൂരിലെ മുകുന്ദൻ ഗുരുക്കളുടെ കാൽതൊട്ടു വന്ദിച്ച ശേഷം ഇടവും വലവും നോക്കാതെ വെട്ടി ചുവടുവെച്ചാണ് രാഷ്ട്രീയ കളരിയിൽ പ്രവേശിച്ചത്. കണ്ടു നിന്ന പുരുഷന്മാരൊക്കെ ഓടിയൊളിച്ചുവെന്നാണ് പഴയ പാണന്മാർ പാടിനടക്കുന്നത്. പിന്നീട് എപ്പോഴാണ് ഓർമ വെച്ച കാലം മുതൽ തെരഞ്ഞെടുപ്പ് എന്നു കേട്ടാൽ മത്സരിക്കാൻ ചാടിയിറങ്ങും. പക്ഷേ, പുരുഷന്മാർ പക വീട്ടാതെ അടങ്ങുമോ? കളരി അഭ്യസിച്ചത് തുളുനാട്ടിലാകയാൽ ശോഭക്ക് ഇനി ഒരു അടവു കൂടി പഠിക്കാൻ ബാക്കിയുണ്ട്, പൂഴിക്കടകൻ!
ചിലരൊക്കെ കേന്ദ്ര മന്ത്രിപ്പട്ടവും ഗവർണർ പദവിയും നേടിയതെന്നു ശോഭാജിക്ക് തിരിച്ചറിയാൻ വൈകിയിട്ടൊന്നുമില്ല. കുമ്മനവും വി. മുരളീധരനും കടന്നുകൂടിയതോടെ, വനിതക്ക് അവിടെ 'നോ വേക്കൻസി' ആയല്ലോ. അടങ്ങിയൊതുങ്ങി കഴിഞ്ഞാൽ അടുത്ത തെരഞ്ഞെടുപ്പിലും മത്സരിക്കാം. തോൽപിക്കുന്ന കാര്യം സ്വന്തം പാർട്ടി തന്നെ ഏറ്റുകൊള്ളും. മറിച്ച്, ശോഭനാ ജോർജോ ലതികാ സുഭാഷോ എന്തിന് തൃശൂരിലെ കേശവദാസോ ആകാനുദ്ദേശിക്കുന്നുണ്ടെങ്കിൽ വൈകണ്ട. ഒരു വാക്ക്, വേണ്ട ഒരു നീട്ടി മൂളൽ മാത്രം മതി; കോടിയേരി മൊബൈൽ ഫോണിലോ, നടയിലോ ഉണ്ടാകും. എത്ര പേർ നിത്യവും എ.കെ.ജി സെന്ററിലെത്തി ചെമ്പട്ടു പുതച്ച് ജോളിയായി പുറത്തിറങ്ങുന്നു! കാര്യം പറഞ്ഞുവെന്നേയുള്ളൂ, മനസ്സിലിരിക്കട്ടെ!
**** **** ****
സമാന്തര സംഘടനാ പ്രവർത്തനം എന്നാലെന്ത്- അതറിയണമെങ്കിൽ ആദ്യം സംഘടനാ പ്രവർത്തനം അറിയണ്ടേ അസ്സേ എന്നാരെങ്കിലും ചോദിച്ചാൽ സുധാകരനാശൻ പിണങ്ങരുത്. 'സംസ്‌കാരം' എന്ന വാക്കു കേട്ടാൽ തന്നെ, മഴമേഘം കണ്ട ആൺമയിലിനെപ്പോലെ പീലി വിടർത്തി നൃത്തം വെയ്ക്കുന്ന പ്രകൃതമാണ് ചെന്നിത്തലയ്ക്ക്. അദ്ദേഹം നാട്ടിൽ ഒരു 'സംസ്‌കാര' ട്രൂപ്പ് സംഘടിപ്പിച്ചുവെന്ന് ചാരവശാൽ ഇന്ദിരാഭവനിൽ അറിഞ്ഞു. ട്രൂപ്പ് നാളെ പുതിയൊരു 'ഗ്രൂപ്പാകാം. കളരിയാശാന് മുൻപിൻ നോക്കേണ്ടിവന്നില്ല. സാംസ്‌കാരിക ചരിത്രത്തിന്റെ 'അക്കൗണ്ട് ബുക്കോ' ഓഡിറ്റ് റിപ്പോർട്ടോ നോക്കിയില്ല; ഒറ്റ ഉത്തരവ്- 'നോം അറിയാത്ത ഒരു സാംസ്‌കാരിക പ്രവർത്തനവും വേണ്ട. അത് 'സമാന്തര'മായി പ്രവർത്തനങ്ങൾ ഇരുകൈകളിലുമിട്ട് അമ്മാനമാടിയതിന്റെ തഴമ്പ് ചെന്നിത്തലയുടെ കൈരേഖകൾക്കു മീതെയുണ്ട്. അദ്ദേഹത്തിന്റെ ജീവിതം തന്നെ തുറന്ന പുസ്തകമാണ്. പിന്നെ കൈത്തഴമ്പിന്റ കാര്യം പറയേണ്ടതുണ്ടോ? പഴക്കം കൊണ്ടു പല രേഖകളും കളരിയാശാന്റെ പ്രഖ്യാപനം കുശാലായി. ഇനി ഒരു സംസ്‌കാരത്തിന്റെയും പിന്നാലെ ഖദർവാലകളിൽ ഒരുവനും പോകുകയില്ല. ഭരണമില്ലാത്തതിനാൽ പട്ടിണിയാകുമോ എന്ന ഭയം മാത്രമേയുള്ളൂ!