കൊച്ചി- പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരെ പോക്‌സോ കേസും. മോൻസന്റെ വീട്ടിൽ ജോലിക്കു നിന്ന സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് മാതാവു നൽകിയ പരാതിയിലാണ് കേസെടുത്തത്. പെൺകുട്ടിക്ക് തുടർ വിദ്യാഭ്യാസത്തിനു സൗകര്യം ഒരുക്കാം എന്ന വാഗ്ദാനം നൽകി കലൂരിലെ വീട്ടിൽ വച്ചും മറ്റൊരു വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിക്ക് 17 വയസുള്ളപ്പോഴായിരുന്നു പീഡനം. ഇപ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ട്. ഭയം മൂലം ഇത്രയും നാൾ സംഭവം മറച്ചു വയ്ക്കുകയായിരുന്നു എന്നാണ് മാതാവ് വ്യക്തമാക്കിയിരിക്കുന്നത്. മോൻസണുമായി അടുപ്പമുണ്ടായിരുന്ന ചിലരുടെ പേരുകൾ കൂടി പരാതിയിൽ പരാമർശിക്കുന്നുണ്ട്.