കൊച്ചി-സി.പി.എം അംഗം കൂറുമാറിയതിനെ തുടർന്ന് കൊച്ചി കോർപ്പറേഷനിൽ നഗരാസൂത്രണ സ്ഥിരംസമിതി എൽ.ഡി.എഫിന് നഷ്ടമായി. സി.പി.എം. അംഗമായിരുന്ന എം.എച്ച്.എം. അഷറഫ് യു.ഡി.എഫിനെ പിന്തുണച്ചതോടെയാണിത്.
ഇടതുമുന്നണിയെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം ജെ. സനൽമോനായിരുന്നു നഗരാസൂത്രണ സമിതി ചെയർമാൻ. കമ്മിറ്റിയിൽ ഭൂരിപക്ഷം ഇല്ലെന്ന് ഉറപ്പായതിനാൽ എൽ.ഡി.എഫ് അവിശ്വാസ പ്രമേയ ചർച്ചയിൽനിന്ന് വിട്ടുനിന്നു. അഷ്റഫിന്റെ ഉൾപ്പെടെ അഞ്ച് വോട്ടിനാണ് അവിശ്വാസം പാസായത്. സി.പി.എം ചിഹ്നത്തിൽ ജയിച്ച അഷറഫിനെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത വരാൻ സാധ്യതയുണ്ട്. കൊച്ചി കോർപ്പറേഷനിൽ രണ്ടു ഉപതെരഞ്ഞെടുപ്പുകൾ നടക്കാനുണ്ട്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും സിറ്റിംഗ് സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ്.