റിയാദ് - അല്‍ബാഹ പ്രവിശ്യയില്‍ 11 മേഖലകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കാനുള്ള തീരുമാനം മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പ്രഖ്യാപിച്ചു. അല്‍ബാഹ ഗവര്‍ണറേറ്റുമായി സഹകരിച്ചാണ് ഈ മേഖലകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കുക.
റെഡിമെയ്ഡ് വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ഹോം ഫര്‍ണിച്ചര്‍, കാര്‍പെറ്റുകള്‍, പുസ്തകങ്ങള്‍-ഓഫീസ് ഉപകരണങ്ങള്‍, കളിക്കോപ്പുകള്‍-സൈക്കിളുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍-സോപ്പ്-ശുചീകരണ വസ്തുക്കള്‍, വെള്ളം-പാനീയങ്ങള്‍, പഴവര്‍ഗങ്ങള്‍-പച്ചക്കറി-ഈത്തപ്പഴം, പ്രസന്റേഷന്‍ വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന അല്‍ബാഹ പ്രവിശ്യയിലെ സ്ഥാപനങ്ങളില്‍ 100 ശതമാനം സൗദിവല്‍ക്കരണം നടപ്പാക്കാനാണ് തീരുമാനം.
ശുചീകരണ ജോലികള്‍, കയറ്റിറക്ക് ജോലികള്‍, ഡ്രൈവര്‍മാര്‍ എന്നീ തൊഴിലുകള്‍ മാത്രമാണ് സൗദിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
കോഫി ഷോപ്പുകളില്‍ 50 ശതമാനവും റെസ്റ്റോറന്റുകളില്‍ 40 ശതമാനവും സൗദിവല്‍ക്കരണം പാലിക്കണമെന്നും തീരുമാനമുണ്ട്. അല്‍ബാഹ പ്രവിശ്യക്ക് ബാധകമായ സൗദിവല്‍ക്കരണ തീരുമാനം അടുത്ത ജനുവരി 14 മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.