കോഴിക്കോട്- സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികള്‍ സുതാര്യമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് പ്രസ്‌ക്ലബിന്റെ വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ശന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഡി.എല്‍.പി (ഡിഫക്ട് ലയബിലിറ്റി പിരീഡ്) കഴിഞ്ഞാല്‍ കാലതാമസമില്ലാതെ പ്രവൃത്തികള്‍ തുടങ്ങാന്‍ കഴിയുന്ന രീതിയില്‍ റണ്ണിങ് കോണ്‍ട്രാക്ട് സംവിധാനം സംസ്ഥാനത്ത് ആരംഭിക്കാന്‍ ഉദ്ദേശിക്കുകയാണ്. ഉത്തരവാദപ്പെട്ടവരുടെ ഫോണ്‍ നമ്പറും ഡി.എല്‍.പി തീയതിയുമടക്കം രേഖപ്പെടുത്തിയ ബോര്‍ഡ് റോഡുകളില്‍ സ്ഥാപിക്കും. പോരായ്മകള്‍ കണ്ടെത്തി ശരിയായ രീതിയില്‍ പോകാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ ഏറ്റെടുക്കണം. ടൂറിസം മേഖലയില്‍ ഇനിയും പൊതുജനങ്ങളിലേക്കെത്താത്ത സ്ഥലങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുകയെന്ന ഉത്തരവാദിത്തം മാധ്യമങ്ങള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.