റിയാദ് - അല്‍ബാഹ, അല്‍ജൗഫ്, ജിസാന്‍ പ്രവിശ്യകളുടെ വികസനത്തിന് പ്രത്യേക ഓഫീസുകള്‍ ആരംഭിച്ചു. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് മൂന്നു പ്രവിശ്യകളുടെയും വികസനത്തിന് ചുക്കാന്‍ പിടിക്കുന്നതിന് സ്ട്രാറ്റജിക് ഓഫീസുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം അറിയിച്ചത്. ഭാവിയില്‍ ഈ മൂന്നു പ്രവിശ്യകളുടെയും വികസനത്തിന് പ്രത്യേക അതോറിറ്റികള്‍ സ്ഥാപിക്കാനുള്ള അടിത്തറയായിരിക്കും ഇത്.
സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിലൂടെ മൂന്നു പ്രവിശ്യകളും നിക്ഷേപ ആകര്‍ഷക പ്രദേശങ്ങളാക്കി പരിവര്‍ത്തിപ്പിക്കാനാണ് സ്ട്രാറ്റജിക് ഓഫീസുകള്‍ ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ പ്രവിശ്യകളും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, വികസന അതോറിറ്റികളോ സ്ട്രാറ്റജിക് ഓഫീസുകളോ ഇല്ലാത്ത പ്രവിശ്യകളില്‍ സ്ട്രാറ്റജിക് ഓഫീസുകള്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നതെന്ന് കിരീടാവകാശി പറഞ്ഞു.