റിയാദ് - സൗദി പൗരന്മാർ ലെബനോൻ യാത്ര ഒഴിവാക്കണമെന്ന് വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു. ലെബനോൻ ആഭ്യന്തര സംഘർഷത്തിന്റെ പിടിയിലമർന്ന സാഹചര്യത്തിലാണ് ലെബനോനിലേക്ക് സ്വദേശികൾ പോകുന്നതിന് നേരത്തെ മുതൽ വിലക്കേർപ്പെടുത്തിയ കാര്യം വിദേശ മന്ത്രാലയം വീണ്ടും ഉണർത്തിയത്. ലെബനോൻ അടക്കം ഏതാനും രാജ്യങ്ങളിലേക്ക് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് മുൻകൂട്ടി അനുമതി നേടാതെ സ്വദേശികൾ യാത്ര പോകുന്നത് അഞ്ചു മാസം മുമ്പ് ആഭ്യന്തര മന്ത്രാലയം വിലക്കിയിരുന്നു.
ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ നൽകിയ നിർദേശങ്ങൾ മുഴുവൻ സ്വദേശികളും പാലിക്കുകയും നിലവിലെ സാഹചര്യത്തിൽ ലെബനോൻ യാത്ര ഉപേക്ഷിക്കുകയും വേണം. നിലവിൽ ലെബനോനിലുള്ള സൗദി പൗരന്മാർ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധ പ്രകടനങ്ങളും സംഘർഷങ്ങളും നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്നും വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.