കോട്ടയം : മഴക്കെടുതി വലിയ ദുരന്തമായി കൂട്ടിക്കലിലെ ആ കടയ്ക്ക് മുകളിലേക്ക് പതിച്ചില്ലായിരുന്നുവെങ്കിൽ അലൻ അവന്റെ പതിനാലാം ജന്മദിനം ഇന്ന് കേക്ക് മുറിച്ച് ആഘോഷിക്കേണ്ടതാണ്. പക്ഷേ അലന്റെ വിധി മറ്റൊന്നായിപ്പോയി.
കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ആറ്റുചാലിൽ ജോമിയുടെ മകൻ അലന്റെ പതിനാലാം ജന്മദിനത്തിൽ ഉരുൾപൊട്ടിയ സ്ഥലത്ത് അവനുവേണ്ടി ഇപ്പോഴും തെരച്ചിൽ നടത്തുകയാണ് ബന്ധുക്കളും രക്ഷാപ്രവർത്തകരും. അലന്റെ മാതാവ് സോണിയയും ദുരന്തത്തിന് ഇരയായിരുന്നു.
വീടിനടുത്തുണ്ടായ മണ്ണിടിച്ചലിനെ കുറിച്ച് സമീപത്തെ കടയിലെത്തി സംസാരിക്കുന്നതിനിടെ വീടും പുരയിടവും ഇടിഞ്ഞ് ഇവർ നിന്ന കടയ്ക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. അലന്റെ പിതാവ് ജോമി നോക്കിനിൽക്കെയാണ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം ദുരന്തസ്ഥലത്ത് നിന്ന് അലന്റെതെന്ന് സംശയിച്ച മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. എന്നാൽ പരിശോധനയിൽ അത് കുട്ടിയുടെതല്ലെന്ന് തെളിഞ്ഞിരുന്നു.