ദുബയ് - അബുദബിയിൽ 3.1 കോടി ദിർഹം വണ്ടിച്ചെക്ക് നൽകി ലേലത്തിലൂടെ വാഹനത്തിന് ഒന്നാം നമ്പർ സ്വന്തമാക്കിയ യുവ വ്യവസായിക്ക് മൂന്ന് വർഷം തടവു ശിക്ഷ. 33കാരനായ യു.എ.ഇ പൗരൻ അബ്ദുല്ല അൽ മഹ്രി 2016 നംബറിലാണ് 3.1 കോടി ദിർഹത്തിന് ലേലത്തിലൂടെ അബുദബി ലൈസൻസ് പ്ലേറ്റ് നമ്പർ വൺ സ്വന്തമാക്കിയത്. അബുദബി സർക്കാരിന്റെ സുവർണ വാർഷികം അടയാളപ്പെടുത്തുന്ന സവിശേഷ നമ്പർ പ്ലേറ്റ് സ്വന്തമാക്കാൻ മഹ്രി നൽകിയത് വണ്ടിച്ചെക്കായിരുന്നുവെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. പബ്ലിക് ഫണ്ട്‌സ് പ്രൊസിക്യൂഷന്റെ ഉത്തരവ് പ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ബാങ്കിൽ മതിയായ ബാലൻസ് ഇല്ലായിരുന്നുവെന്നും മനപ്പൂർവമാണ് വണ്ടിച്ചെക്ക് നൽകിയതെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റസമ്മതം നടത്തുകയും ചെയ്തു. വണ്ടിച്ചെക്ക് നൽകി നമ്പർ സ്വന്തമാക്കിയ ശേഷം ഇരട്ടി ലാഭത്തിനു മറിച്ചു വിറ്റ ശേഷം 3.1 കോടി ദിർഹം അടക്കാനായിരുന്നു പദ്ധതിയെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ ഇയാളെ കോടതി തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ അപ്പീൽ കോടതിയെ സമീപിച്ചു. ഈ വിധിയാണിപ്പോൾ മൂന്ന് വർഷത്തെ ജയിൽ ശിക്ഷ ശരിവച്ചു കൊണ്ട് ഉത്തരവിട്ടിരിക്കുന്നത്.