തൊടുപുഴ- പ്രതികൂല കാലാവസ്ഥയില്‍ പോലീസും സര്‍ക്കാരുമൊക്കെ തരുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണ്ടത് വളരെ പ്രധാനമാണ്. തങ്ങളെയും മറ്റുള്ളവരേയും അത് അപകടങ്ങളില്‍നിന്ന് രക്ഷിക്കും. ദുരന്ത സ്ഥലങ്ങൡ തദ്ദേശവാസികളുടെ നിര്‍ദേശങ്ങള്‍ക്കും പ്രാധാന്യമുണ്ട്. നാടിന്റെ സ്പന്ദനം അറിയുന്നവരാണ് അവര്‍.
കനത്ത മഴയില്‍ തോട് കരകവിഞ്ഞുണ്ടായ കുത്തൊഴുക്കില്‍പ്പെട്ടാണ് കഴിഞ്ഞ ദിവസം കാര്‍ യാത്രികരായ രണ്ടുപേര്‍ മരിച്ചത്. കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന്‍ (30) കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാല്‍ പുത്തന്‍പുരയില്‍ നിമ കെ വിജയന്‍ (31) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ശനിയാഴ്ച രാവിലെ കാഞ്ഞാര്‍ മൂന്നുങ്കവയല്‍ കച്ചിറമറ്റം തോടിനു കുറുകെയുള്ള പാലത്തില്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
പാലം കടക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ വിലക്കിയെങ്കിലും കാര്‍ മുന്നോട്ട് എടുത്തതാണ് അപകടത്തില്‍ കലാശിച്ചത്. പോകാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ ഡോര്‍ തുറന്നു പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ഒഴുക്കില്‍പ്പെട്ട് സമീപത്തെ തോട്ടിലൂടെ 500 മീറ്ററോളം താഴേക്ക് പോയി.
സംഭവമറിഞ്ഞ് എത്തിയ കാഞ്ഞാര്‍ പോലീസും മൂലമറ്റം അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങളും കാറും കണ്ടെത്തിയത്. നിമയും നിഖിലും കൂത്താട്ടുകുളം ശ്രീധരീയത്തിലെ ജീവനക്കാരാണ്. അര്‍ച്ചനയാണ് നിഖിലിന്റെ ഭാര്യ. രണ്ട് വയസ്സുള്ള കുട്ടിയുണ്ട്. നിമയുടെ ഭര്‍ത്താവ് നിഥിന്‍. മകള്‍: ശ്രീനന്ദ.