നെടുമ്പാശേരി-കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 5.34 കോടി രൂപ വിലവരുന്ന 500 ഗ്രാം കൊക്കെയിനുമായി പിടിയിലായ നൈജീരിയൻ സ്വദേശിനികളെ കോടതി റിമാന്റ് ചെയ്തു. നൈജീരിയ ഐവറി കോസ്റ്റ് സ്വദേശിനികളായ കാനെ സിന്തേ ജൂലി (21), സിവി ഒഡോന്തി ജൂലിയറ്റ് (32) എന്നിവരെയാണ് പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
ഖത്തർ എയർവെയ്സ് വിമാനത്തിൽ ശനിയാഴ്ച്ച പുലർച്ചെ നൈജീരിയയിൽ നിന്നം ദോഹ വഴി കൊച്ചിയിലെത്തിയ കാനെ സിന്തേ ജൂലിയെ രഹസ്യ വിവരത്തെ തുടർന്ന് ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) വിഭാഗമാണ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വിമാനത്താവളത്തിന് പുറത്തെ സ്വകാര്യ ഹോട്ടലിൽ തങ്ങിയിരുന്ന സിവി ഒഡോന്തി ജൂലിയറ്റിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ഇവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും ഏറെ നാളായി മുംബൈയിൽ താമസിക്കുകയായിരുന്നു. ജൂലി ആദ്യമായിട്ടാണ് കൊക്കയിൻ കരിയറായതെന്നാണ് വിവരം. അടുത്തിടെയായി നെടുമ്പാശേരി വിമാനത്താവളം വഴി വൻ തോതിൽ മയക്കുമരുന്ന് കടത്തുന്നതായുള്ള വിവരത്തെ തുടർന്ന് ഡി.ആർ.ഐ ശക്തമായ നിരീക്ഷണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്