കോഴിക്കോട്- മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സ്റ്റാഫിലേക്ക് ഏക പക്ഷീയമായി മന്ത്രി നിയമിച്ചവരെ ഉടനെ മാറ്റും. ഐ.എന്‍.എല്ലിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
കൊച്ചിയിലെ അടിപിടിയില്‍ കലാശിച്ച വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ മധ്യസ്ഥര്‍ മുഖേന വെച്ച നിര്‍ദേശങ്ങള്‍ ഓരോന്നായി നടപ്പാക്കി വരികയാണ്. കഴിഞ്ഞ 12ന് കോഴിക്കോട്ട് ഇരുവിഭാഗം നേതാക്കളും സംബന്ധിച്ച് പൊതു പരിപാടി നടത്തുകയുണ്ടായി. സംസ്ഥാന കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട കേസ് പിന്‍വലിച്ചു കഴിഞ്ഞു.
അതേസമയം അംഗത്വ വിതരണത്തിലും മന്ത്രിയുടെ സ്റ്റാഫിന്റെ കാര്യത്തിലും എടുത്ത തീരുമാനങ്ങള്‍ ഇതുവരെ നടപ്പായിട്ടില്ല. കൊച്ചിയിലെ അടിപിടി നടക്കുന്നതിന് മുമ്പുള്ള ഭാരവാഹികളെ നിലനിര്‍ത്തുക, അച്ചടക്ക നടപടികള്‍ റദ്ദാക്കുക, കേസുകള്‍ പിന്‍വലിക്കുക, അംഗത്വ വിതരണം ജില്ലാ റിട്ടേണിംഗ് ഓഫീസര്‍മാരെ നിശ്ചയിച്ച് അവര്‍ മുഖേന നടപ്പാക്കുക തുടങ്ങിയവയാണ് മധ്യസ്ഥന്‍മാരുടെ സാന്നിധ്യത്തില്‍ ഇരുവിഭാഗവും അംഗീകരിച്ച നിര്‍ദേശങ്ങള്‍.
മെമ്പര്‍ഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് പത്തംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ എല്ലാ ജില്ലയിലും റിട്ടേണിംഗ് ഓഫീസര്‍മാരെ നിശ്ചയിക്കുകയുമുണ്ടായി. നേരത്തെ കാസിം വിഭാഗം വിതരണം ചെയ്ത മെമ്പര്‍ഷിപ്പുകള്‍ തിരിച്ചുവാങ്ങി പുതിയവ വിതരണം ചെയ്യേണ്ടതുണ്ട്. ഇതിനായി ജില്ലാതല പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ കൂടണം. ഇതു രണ്ടും സംഭവിച്ചിട്ടില്ല.
മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സ്റ്റാഫിലേക്ക് നടത്തിയ നിയമനങ്ങള്‍ റദ്ദാക്കുകയും സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ളവരെ നിയമിക്കുകയും വേണം. ഇത് വൈകാതെ നടപ്പാക്കാനുമെന്നാണ് ബന്ധപ്പെട്ടവര്‍ അിറയിച്ചത്.
സംസ്ഥാന കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട കേസ് കോഴിക്കോട് കോടതിയില്‍ പിന്‍വലിച്ചത് കഴിഞ്ഞ ആഴ്ചയാണ്. കേസ് ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചതായി സെപ്റ്റംബര്‍ 30 ന് വഹാബ് വിഭാഗം കോടതിയെ അറിയിച്ചെങ്കിലും കാസിം വിഭാഗം അത് അംഗീകരിച്ചില്ല. തുടര്‍ന്ന് ആറിന് വീണ്ടും വാദം കേട്ടു. ഏഴിന് പിന്‍വലിക്കുന്നതായും എന്നാല്‍ വേണ്ടി വന്നാല്‍ കേസ് തുടരാന്‍ അനുമതി നല്‍കണമെന്നും കാസിമിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് കോടതി നിരസിക്കുകയും കേസ് പിന്‍വലിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.