കൊച്ചിയിലെ മരട് ഫഌറ്റ് സമുച്ചയം പൊളിച്ചു മാറ്റാൻ കോടതി വിധി വന്ന സമയത്ത് ഗൾഫ് മലയാളികളുടെ വാട്ട്‌സപ്പ് ഗ്രൂപ്പിൽ പ്രചരിച്ച രസകരമായ ഒരു സന്ദേശമുണ്ടായിരുന്നു. ബംഗാളികളെന്ന് വിളിക്കുന്ന അതിഥി തൊഴിലാളികൾക്കിടയിലെ സംഭാഷണമായിരുന്നു അത്. 'നമുക്കും അടുത്ത തലമുറകൾക്കും ഇവിടെ സുഖമായി കഴിയാം. മലയാളികൾ ഓരോന്ന് കെട്ടിപ്പൊക്കും. കുറച്ചു കഴിയുമ്പോൾ എന്തെങ്കിലും കാരണം പറഞ്ഞ് അതങ്ങ് തട്ടിക്കളയും. വീണ്ടും നിർമിക്കും. നമ്മുടെ തൊഴിൽ സാധ്യത അനന്തമായി തുടരും' അതങ്ങനെ നടക്കട്ടെ.
നൂറ് കോടി ചെലവിൽ നിർമിച്ച കോഴിക്കോട്ടെ കെ.എസ്.ആർ.ടി.സി ബസ് സ്‌റ്റേഷന്റെ ഊഴമാണ് അടുത്തത്. ഈ ബഹുനിലമന്ദിരം ഒട്ടും സുരക്ഷിതമല്ലെന്ന് ചെന്നൈ ഐഐടി സംഘം വിധിയെഴുതി. ഒരു മുപ്പത് കോടി കൂടി പൊടിച്ചാൽ വേണമെങ്കിൽ റിപ്പയർ ചെയ്യാം. അതിലും തടയും കമ്മീഷൻ. ഗതികേടിലായ ട്രാൻസ്‌പോർട്ട് കോർപറേഷനെ രക്ഷപ്പെടുത്താൻ ടിക്കറ്റിതര വരുമാനം കൂട്ടാൻ ടി.പി സെൻകുമാറിന്റെ കാലത്ത് നിർമിച്ചതാണ് മാവൂർ റോഡിലെ കുന്നിൻ പുറത്തെ സ്റ്റാൻഡ്. ഇതിന്റെ രൂപരേഖ തയാറാക്കിയ ഡിസൈനറെ പത്മ വിഭൂഷൺ നൽകി ആദരിക്കാൻ വൈകിക്കൂടാ. ഒന്നോ രണ്ടോ തവണയേ കൂരിരുട്ടിന്റെ ഗുഹയിലേക്ക് പോകേണ്ടി വന്നിട്ടുള്ളു. പേടിയാണ് സത്യം പറഞ്ഞാൽ. ഒരിക്കൽ നട്ടുച്ചയ്ക്ക് താമരശേരി ഭാഗത്തുനിന്ന് എത്തിയ ഒരു ബസിൽ ഇവിടെ വന്നിറങ്ങിയപ്പോൾ കത്തി ജ്വലിച്ചു നിൽക്കുന്ന സൂര്യപ്രഭയിൽ ഡ്രൈവർ വണ്ടി പാർക്ക് ചെയ്തത് ഒന്നു രണ്ട് തൂണുകൡലിടിച്ചാണ്. ആ സാധുവിന് മാത്രമല്ല, നല്ല കാഴ്ചശക്തിയുള്ളവർ പോലും നല്ല വെളിച്ചത്തിൽ നിന്ന് ഇരുട്ടറയിൽ വാഹനം സേഫായി പാർക്ക് ചെയ്യാൻ പ്രയാസപ്പെടും.
കെ.എസ്.ആർ.ടിസിയ്ക്ക് വരുമാനം കൂട്ടാൻ ഇപ്പോൾ തുടങ്ങിയ മലപ്പുറം-മൂന്നാർ ആയിരം രൂപ നിരക്കിലെ വിനോദയാത്രകൾ പോലുള്ളത് മതി. ഇജ്ജാതി ട്വിൻ ടവറുകളുണ്ടാക്കി നികുതിപ്പണം തുലയ്ക്കുകയല്ല വേണ്ടത്. സഹകരണ ഭവൻ എന്ന ബഹുനില മന്ദിരവും പൊളിച്ചു മാറ്റാനാണ് പരിപാടി. നഗരഹൃദയത്തിലെ എ.കെ.ജി, സി.എച്ച് മേൽപാലങ്ങളുടെ ബലവും ചെന്നൈ സംഘം പരിശോധിക്കുന്നുണ്ട്. ഇതൊക്കെ വായിച്ച് ആശങ്കപ്പെടുന്നതിനിടെയാണ് മാതൃഭൂമി ന്യൂസിൽ തലസ്ഥാന വാർത്തയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ടൊരു വാർത്ത. കരാറുകാരെ കൂട്ടി, അല്ലെങ്കിൽ കരാറുകാർ എംഎൽഎമാരുടെ ശുപാർശയിൽ മന്ത്രിയുടെ അടുത്ത് വരുന്ന ഒരു സ്ഥിതി ഉണ്ടാകാൻ പാടില്ല. അങ്ങനെ വന്നാൽ അത് ഭാവിയിൽ പല രീതിയിലേക്കും ദോഷത്തിന് കാരണമാകും എന്നായിരുന്നു കഴിഞ്ഞ 7ാം തീയതി നിയമസഭയിലെ ചോദ്യോത്തരവേളയിൽ വെച്ച് മന്ത്രി പറഞ്ഞത്. നിയമസഭയിലെ മന്ത്രിയുടെ പരാമർശം ജനപ്രതിനിധികളെപ്പറ്റി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ കക്ഷി യോഗത്തിൽ പാർട്ടി എംഎൽഎമാർ മുഹമ്മദ് റിയാസിനെതിരെ തിരിഞ്ഞു. തലശ്ശേരി എംഎൽഎ എഎൻ ഷംസീറായിരുന്നു വിമർശനത്തിന് തുടക്കമിട്ടതെന്നും വാർത്തയിലുണ്ട്. പിന്നാലെ അഴീക്കോട് എംഎൽഎ കെവി സുമേഷും കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രനും വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. മാതൃഭൂമി വക്രദൃഷ്ടിയുടെ പ്രൊമോയിലും ഇതു കണ്ടു. ഭാവിയിലെ പേരുദോഷം ഒഴിവാക്കാൻ കണ്ടറിഞ്ഞ് പ്രവർത്തിച്ച റിയാസ് മന്ത്രിയ്ക്ക് അഭിനനന്ദനം. വെൽഡൺ.
*** **** ****
ഒരു മുസ്‌ലിം ആയതുകൊണ്ട് മാത്രം തന്റെ ദേശസ്‌നേഹം ചോദ്യം ചെയ്‌തെന്ന ആരോപണവുമായി കോൺഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ്. 24 ന്യൂസ് ചാനലിലെ ചർച്ചയ്ക്കിടയിൽ മുൻ കേണലായിരുന്ന ആർജി നായർക്കെതിരെയാണ് ഷമ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതിർത്തി വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ആർജി നായർ, സി എ ജോസുകുട്ടി, അതിർത്തിയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച് മലയാളി ജവാൻ വൈശാഖിന്റെ ബന്ധു മോഹൻ കുമാർ, ബിജെപിയെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യർ എന്നിവരായിരുന്നു ഷമ മുഹമ്മദിന് പുറമെ പങ്കെടുത്തത്. അതിർത്തി വിഷയവുമായി ബന്ധപ്പെട്ട് ഷമ മുഹമ്മദ് നടത്തിയ ചില പരാമർശങ്ങളായിരുന്നു ആർജി നായരെ പ്രകോപിച്ചത്. ഷമ മുഹമ്മദ് ജനിക്കുന്നതിന് മുൻപ് രണ്ട് യുദ്ധം ചെയ്ത വ്യക്തിയാണ് താനെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആർജി നായർ മറുപടി തുടങ്ങിയത്.
ഞാൻ ഇവിടെ ആരുടേയും ദേശ സ്‌നേഹം സംശയിച്ചിട്ടില്ല. ഞാൻ പറയാത്ത കാര്യങ്ങൾ എന്തിനാണ് എന്റെ തലയിൽ ഇടുന്നത്. പുൽവാമ അറ്റാക്ക് മുൻകൂട്ടി കാണുന്നതിൽ ഇന്റലിജൻസ് എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന കാര്യം മാത്രമാണ് ഞാൻ ചോദിച്ചതെന്നും ഷമ പറയുന്നു. എന്തുകൊണ്ടാണ് എന്റെ ദേശ സ്‌നേഹം സംശയിക്കുന്നതെന്നും ഷമ ചോദിച്ചു. ഷമ തനിക്ക് ഇറ്റാലിയൻ പാസ്‌പോർട്ടുള്ള കാര്യവും പരാമർശിച്ചു. എന്നിട്ടും ഇന്ത്യയിൽതന്നെ തുടരുന്നത് മാതൃരാജ്യത്തോടുള്ള കൂറ് ഒന്നു കൊണ്ടു മാത്രമാണ്. മുമ്പൊരിക്കൽ ചൂണ്ടിക്കാട്ടിയത് പോലെ കോൺഗ്രസ് വക്താവിന്റെ മലയാളം ഒന്നു കൂടി ശരിയാവേണ്ടതുണ്ട്.
*** **** ****
തസ്‌ക്കരൻ മണിയൻപിള്ളയുടെ ആത്മകഥ എന്ന പേരിൽ പുസ്തകമെഴുതി ശ്രദ്ധ നേടിയ മണിയൻ പിള്ളയ്ക്ക് എതിരെ സ്വമേധയാ കേസെടുക്കാൻ വനിത കമ്മീഷൻ തീരുമാനിച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. മോഷണശ്രമത്തിനിടെ യുവതിയെ കത്തികാട്ടി ലൈംഗിക അതിക്രമം നടത്തിയെന്ന് അഭിമുഖത്തിനിടെ ഇയാൾ പറയുകയായിരുന്നു. മണിയൻ പിള്ളയുടെ അഭിമുഖത്തിനെതിരെ വൻപ്രതിഷേധം ഉയർന്നതോടെ യുട്യൂബ് ചാനലിൽനിന്ന് വീഡിയോ പിൻവലിച്ചു. നടി പാർവതി തിരുവോത്ത് ഉൾപ്പെടെ നിരവധി പ്രമുഖർ അഭിമുഖത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വീടുകളിൽ മോഷണത്തിന് കയറുമ്പോൾ സുന്ദരികളായ സ്ത്രീകളെ കാണുമ്പോൾ ആകർഷണം ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി മുമ്പ് നടന്ന സംഭവം ഇയാൾ വ്യക്തമാക്കുകയായിരുന്നു.
കഴുത്തിന് കത്തി ചേർത്ത് വെച്ച് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി ആക്രമിച്ചെന്ന് മണിയൻ പിള്ള പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഈയൊരു തെറ്റ് മാത്രമേ താൻ ചെയ്തിട്ടുള്ളുവെന്നും ഇയാൾ പറയുന്നു. വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്നുമാണ് വനിത കമ്മീഷൻ അധ്യക്ഷ സതിദേവി പറയുന്നത്. ഡി.ജി.പിക്ക് കത്തയയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പോലീസ് കേസെടുത്തു അന്വേഷണം നടത്താനാണ് ആവശ്യപ്പെടുക.
*** **** ****
കേരളത്തിൽ വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കേണ്ട സാഹചര്യമാണ് ഉള്ളതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ലൈംഗികവിദ്യാഭ്യാസം എന്നു കേട്ടാൽ തന്നെ നെറ്റി ചുളിക്കുന്നതാണ് മലയാളിയുടെ സദാചാരബോധമെന്നും അവർ പറഞ്ഞു. പീഡനക്കേസുകളിൽ കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.എല്ലാ ജില്ലകളിലും വനിതാ കമ്മീഷൻ വിവാഹപൂർവ കൗൺസലിങ് നടത്തുന്നുണ്ടെന്നും എന്നാൽ അത് നിർബന്ധമാക്കണമെന്ന അഭിപ്രായമുണ്ടെന്നും അഡ്വ. സതീദേവി പറഞ്ഞു. സെക്‌സ് എജ്യൂക്കേഷൻ നിർബന്ധമാക്കണമെന്ന അഭിപ്രായത്തെ പുതുതലമുറ സ്വാഗതം ചെയ്തു. മലയാളിയുടെ സദാചാരബോധം ചർച്ച ചെയ്യേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. 'സെക്‌സ് എജ്യൂക്കേഷൻ എന്നു പറഞ്ഞാൽ നെറ്റി ചുളിക്കുന്ന അവസ്ഥ കേരളത്തിലുണ്ട്. മലയാളിയുടെ സദാചാരബോധം എത്രത്തോളം ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്നു വ്യക്തമാക്കുന്നതാണ് ഇത്. ട്രോളുകളൊക്കെ വരുന്നുണ്ട്. പക്ഷെ യങ്ങർ ജനറേഷൻ ഇതിനെ സ്വാഗതം ചെയ്യുന്ന കാഴ്ചയാണ്' -പി സതീദേവി പറഞ്ഞു.
*** **** ****
ബാലതാരമായി സിനിമയിൽ എത്തിയ താരമാണ് സനുഷ സന്തോഷ്. അന്ന് മുതൽ തന്നെ നടിയെ ആരാധകർ നെഞ്ചിലേറ്റിയിരുന്നു. എന്നാൽ നടിക്ക് വിമർശനങ്ങളോ സൈബർ ആക്രമണത്തിനോ സാധ്യത ഉണ്ടാകുമെന്ന് തെളിയിക്കുന്ന രണ്ട് ചിത്രമാണ് സനുഷ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരിക്കുന്നത്. ചുണ്ടത്ത് സിഗരറ്റ് കൈയ്യിൽ കാർഡുമായി ഇരിക്കുന്ന സനുഷയുടെ രണ്ട് ചിത്രങ്ങളാണ് നടി തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. 'മോശമായ ഒരു കാര്യം എങ്ങനെ നല്ലതായി അനുഭവപ്പെടും? അതായത് നിങ്ങൾ പുകവലി ഉപേക്ഷിച്ചാൽ നിങ്ങൾക്കാണ് നല്ലത്, ഒരിക്കലും വൈകിട്ടില്ല' എന്ന് അടിക്കുറിപ്പ് നൽകിയാണ് ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. സിഗരറ്റ് വലിച്ചു കൊണ്ട് തന്നെ വേണോ പുകവലിക്കെതിരെയുള്ള സന്ദേശ നൽകേണ്ടതെന്നാണ് ചില സോഷ്യൽ മീഡിയ ഉപഭേക്താക്കൾക്ക് നടിയുടെ പോസ്റ്റിന് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ചിത്രവും അടിക്കുറിപ്പും തമ്മിൽ യോജിക്കുന്നില്ലയെന്നും ഫോട്ടോ കണ്ടാൽ പുകവലിക്ക് പ്രചോദനം നൽകുന്നതാണെന്നാണ് ചിലർ രേഖപ്പെടുത്തിയിരിക്കുന്നത്.