കോട്ടയം- ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ പകല്‍ എന്തുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കാത്തത് എന്നതിനെപ്പറ്റി ബന്ധപ്പെട്ടവര്‍ പറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച കാലത്ത് പത്ത് മണിക്കാണ് ഉരുള്‍പൊട്ടലുണ്ടായത്. ദുഷ്‌കരമായ സാഹചര്യത്തിലാണ് തെരച്ചിലുകള്‍ നടക്കുന്നതെങ്കിലും ഇന്നലെ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാത്തത് ഒരു പ്രശ്‌നമാണ്. ഇന്ന് രാവിലെ മുതലാണ് തെരച്ചില്‍ ആരംഭിച്ചത്. ഇന്നലെ പകല്‍ എന്തുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കാത്തത് എന്നതിനെപ്പറ്റി ബന്ധപ്പെട്ടവര്‍ പറയുമെന്നാണ് പ്രതീക്ഷ. മുന്‍ പഞ്ചായത്തംഗം മാത്രമാണ് സംഭവസ്ഥലത്ത് ഒരു ജെ.സി.ബി യുമായി എത്തിയത്. പോലീസും താലൂക്കിലെ അധികാരികളും ഇന്നലെ കൂട്ടിക്കലില്‍ എത്താതിരുന്നത് എന്തുകൊണ്ടാണെന്നതിന് വ്യക്തമായ വിശദീകരണം അധികാരികള്‍ നല്‍കണം' - വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായിട്ടുണ്ടാകുന്ന മലയിടിച്ചിലുകള്‍ ഗൗരവമായി കാണേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.