തിരുവനന്തപുരം: ആറുമാസമായി ആ അമ്മ അലയാൻ തുടങ്ങിയിട്ട്. താൻ നൊന്തു പെറ്റ മകളെത്തേടി . പ്രസവിച്ച് മൂന്നാം ദിവസം വീട്ടുകാർ സ്വന്തം വീട്ടുകാർ എടുത്തു കൊണ്ടു പോയതാണ് കുഞ്ഞിനെ. തിരികെ കിട്ടാൻ വേണ്ടി പരാതികൾ ഒരുപാട് നൽകി. പക്ഷേ ഇതുവരെയും കാര്യമൊന്നുമുണ്ടായിട്ടില്ല. കുഞ്ഞിനെ വീണ്ടെടുക്കാൻ പേരൂർക്കട പോലീസ് മുതൽ ഡി.ജി.പി.ക്കും മുഖ്യമന്ത്രിക്കും സി.പി.എം. ഉന്നത നേതാക്കൾക്കും മുന്നിൽ വരെ അമ്മയെത്തി. പക്ഷേ എല്ലാവരും കൈമലർത്തുന്നു.
സി.പി.എം പേരൂർക്കട ഏരിയാ കമ്മറ്റി അംഗം പി.എസ്.ജയചന്ദ്രന്റെ മകൾ മുൻ എസ്.എഫ്.ഐ. നേതാവായ അനുപമ എസ്.ചന്ദ്രനാണ് തന്റെ കുഞ്ഞിനെ വിട്ടു തരണമെന്നാവശ്യപ്പെട്ട് സ്വന്തം വീട്ടുകാർക്കെതിരേ പരാതിയുമായെത്തിയിട്ടുള്ളത്. കുഞ്ഞ് എവിടെയാണുള്ളതെന്ന് അനുപമക്കറിയില്ല. വീട്ടുകാർ ശിശുക്ഷേമസമിതിയിലേൽപ്പിച്ച കുഞ്ഞിനെ ദത്ത് നൽകിയെന്ന വിവരം മാത്രമാണുള്ളത്. മറ്റന്നാൾ കുഞ്ഞിന് ഒരു വയസ്സാകും.
ഡി.വൈ.എഫ്.ഐ. പേരൂർക്കട മേഖലാ പ്രസിഡന്റായിരുന്ന അജിത്തുമായി അനുപമ സ്‌നേഹത്തിലായിരുന്നു. ഇതിനിടെ അനുപമ ഗർഭിണിയാവുകയും ചെ്തു. കഴിഞ്ഞ ഒക്ടോബർ 19ന് ഒരു കുഞ്ഞിന് ജൻമം നൽകി. അജിത്ത് വിവാഹബന്ധം നിയമപരമായി വേർപെടുത്തുന്നതുവരെ ഭാര്യാ-ഭർത്താക്കൻമാരായി ഒരുമിച്ച് താമസിക്കാൻ നിയമപരമായ തടസ്സമുണ്ടായിരുന്നതായി ഇരുവരും പറയുന്നു.
അനുപമ പ്രസവിച്ച് മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും നിർബന്ധപൂർവം കുഞ്ഞിനെ തന്റെ അടുത്തുനിന്ന് അച്ഛനും വീട്ടുകാരും ബലംപ്രയോഗിച്ച് മാറ്റുകയായിരുന്നുവെന്നാണ് അനുപമയുടെ പരാതി. സഹോദരിയുടെ വിവാഹത്തിനു ശേഷം കുഞ്ഞിനെ തിരിച്ച് തരാം എന്നായിരുന്നു മാതാപിതാക്കൾ പറഞ്ഞിരുന്നത്. എന്നാൽ, വിവാഹം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരിച്ചുകൊണ്ടുവന്നില്ല. ഇതോടെ കഴിഞ്ഞ ഏപ്രിലിൽ അജിത്തിനൊപ്പം പോവുകയായിരുന്നു. തുടർന്ന് പരാതിയുമായി അധികൃതർക്കു മുന്നിലെത്തുകയായിരുന്നു.
ശിശുക്ഷേമ സമിതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബർ 22ന് ശിശുക്ഷേമ സമിതിയിൽ ലഭിച്ച ഒരു കുഞ്ഞിന്റെ ഡി.എൻ.എ. പരിശോധന നടത്തിയിരുന്നു. എന്നാൽ, ഇത് ഇവരുടെ കുട്ടിയായിരുന്നില്ലെന്നു കണ്ടെത്തി. ഇതേ ദിവസം എത്തിയ മറ്റൊരു കുട്ടിയെ ദത്ത് നൽകിക്കഴിഞ്ഞിരുന്നു. അതിനാൽ ആ കുട്ടിയുടെ ഡി.എൻ.എ. പരിശോധന നടന്നില്ല. അതുകൊണ്ട് തന്നെ അനുപമയുടെ കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല.
തന്റെ സർട്ടിഫിക്കറ്റുകളും തിരിച്ചറിയിൽ രേഖകളും വീട്ടുകാർ പിടിച്ചുവെച്ചതിനാൽ വിവാഹം രജിസ്റ്റർ ചെയ്യാൻ പോലുമാകുന്നില്ലെന്നാണ് അനുപമ പറയുന്നത്. എന്നാൽ, അനുപമയുടെ സമ്മതത്തോടെയാണ് കുഞ്ഞിനെ ശിശുക്ഷേമസമിതിയെ ഏൽപ്പിച്ചതെന്ന് അച്ഛൻ പി.എസ്.ജയചന്ദ്രന്റെ വാദം.
കുഞ്ഞിനെ സംരക്ഷിക്കാനുള്ള വരുമാനമോ കഴിവോ ആ സമയത്ത് അനുപമയ്ക്കുണ്ടായിരുന്നില്ലെന്നും അതിനാൽ നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം അനുപമയിൽനിന്നു വാങ്ങിയാണ് ശിശുക്ഷേമസമിതിയിൽ കുഞ്ഞിനെ നൽകിയതെന്നും പറയുന്നു പരാതി വന്നപ്പോൾ ഇത് പോലീസിനെ കാണിച്ച് ബോധ്യപ്പെടുത്തിയിരുന്നു. കുഞ്ഞിനെ തിരിച്ച് കിട്ടണമെങ്കിൽ നിയമപരമായി കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും പാർട്ടി സമ്മേളനങ്ങളുടെ ഭാഗമായി തന്നെ താറടിക്കാനാണ് ഇത് സംബന്ധിച്ച ആരോപണങ്ങൾ കൊണ്ടുവരുന്നതെന്നും ജയചന്ദ്രൻ പറഞ്ഞു.