റിയാദ്- ജനാദ്രിയ ആഘോഷത്തിൽ പങ്കെടുക്കുന്നതിന് ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് (ഐസിസിആർ) ഒമ്പത് സാംസ്‌കാരിക ട്രൂപ്പുകളെ റിയാദിലെത്തിച്ചു. യോഗ, ബോളിവുഡ് സിനിമ പ്രദർശനം, അറബിക് കാലിഗ്രാഫി പ്രദർശനം എന്നിവയും കഥകളി, മണിപൂരി, രാജസ്ഥാനി, കഥക്, പുർലിയ ചാവു, കളരിപ്പയറ്റ് തുടങ്ങിയ സാംസ്‌കാരിക ഇനങ്ങൾ അവതരിപ്പിക്കുന്നതിനുള്ള ട്രൂപ്പുകളാണ് എത്തിയിട്ടുള്ളത്. എല്ലാ ദിവസവും വൈകീട്ട് 4.30 മുതൽ 5.30 വരെ യോഗ പ്രദർശനവും ആറു മുതൽ ഒമ്പതുവരെ സാംസ്‌കാരിക പരിപാടികളും ഒമ്പത് മണി മുതൽ 11.30 വരെ സിനിമ പ്രദർശനവും നടക്കും.
നാളെ മുതൽ ഈ മാസം 24 വരെയാണ് ജനാദ്രിയ ഫെസ്റ്റിവൽ നടക്കുന്നത്. പൊതുജനങ്ങൾക്ക് വ്യാഴാഴ്ച മുതലാണ് നഗരിയിൽ പ്രവേശനമുണ്ടാവുക. വ്യാഴാഴ്ച മുതൽ 11 വരെ തിയ്യതികളിൽ പുരുഷൻമാർക്കും 12 മുതൽ 23 വരെ തിയ്യതികളിൽ കുടുംബങ്ങൾക്കുമാണ് പ്രവേശനം നിശ്ചയിച്ചിരിക്കുന്നത്. മുൻ രീതികളിൽ നിന്ന് വ്യത്യസ്തമായി രാവിലെ 11 മുതൽ രാത്രി 11 വരെയും വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ രാത്രി 12 വരെയുമാണ് പ്രവേശന സമയം.
എൽ ആൻഡ് ടി, ടാറ്റാ മോട്ടോഴ്‌സ്, ലുലു ഹൈപർമാർക്കറ്റ്, ഐടിഎൽ വേൾഡ്, ഷപൂർജി പല്ലോഞ്ചി, ഇനോക്‌സ്, അൽഅബീർ മെഡിക്കൽ ഗ്രൂപ്പ് തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകളും പവിലിയനിൽ സജ്ജമാക്കിയിട്ടുണ്ട്.
ഈ മാസം 12 ന് റിയാദ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ ഇതോടനുബന്ധിച്ച് ഇന്ത്യ - സൗദി അറേബ്യ ബന്ധത്തെ കുറിച്ചുള്ള സെമിനാർ നടക്കും. സൗദി ചേംബർ കൗൺസിലുമായി സഹകരിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി 11 ന് ചേംബർ ഓഫ് കൊമേഴ്‌സിൽ ഭക്ഷ്യ സംസ്‌കരണത്തെ കുറിച്ച് സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. ഇരുഭാഗത്ത് നിന്നുമുള്ള മന്ത്രിതല കൂടിക്കാഴ്ചയും ഇതോടനുബന്ധിച്ചുണ്ടാവും.
600 ഓളം വിവിധ ഇനങ്ങളിൽപ്പെട്ട ഒട്ടകങ്ങൾ അണിനിരക്കുന്ന ഒട്ടകയോട്ട മത്സരങ്ങളിൽ അറബ്, ഗൾഫ് രാഷ്ട്രങ്ങൾ പങ്കെടുക്കും. പ്രമുഖ അറബ് ഗായകരായ മുഹമ്മദ് അബ്ദു, അബ്ദുൽ മജീദ് അബ്ദുല്ല, റാശിദ് അൽമജ്ദ്, റബീ സഖർ, മാജിദ് അൽമുഹൻദിസ്, റാശിദ് അൽഫാരിസ് എന്നിവരാണ് ഒപേററ്റ ഗാന സന്ധ്യ അവതരിപ്പിക്കുന്നത്. സൗദി അറേബ്യയുടെ ചരിത്രം വിശദീകരിക്കുന്ന ഇമാംസ് ആന്റ് കിംഗ്‌സ് ആണ് ഒപേററ്റയുടെ വിഷയം. അമീർ ബദർ ബിൻ അബ്ദുൽ മുഹ്‌സിൻ ആണ് ഇതെഴുതിയത്. സൗദികളുടെ പരമ്പരാഗത നൃത്തമായ അർദ ഫെബ്രുവരി 13 ന് ദർഇയ്യയിലെ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടക്കും.