റിയാദ് - അമൂല്യ പാരമ്പര്യമുള്ള ഇന്തോ-അറബ് സംസ്‌കാരത്തിന്റെ സംഗമ ഭൂമിയാകാൻ ജനാദ്രിയ ഗ്രാമം അണിഞ്ഞൊരുങ്ങി. നാഗരിക, സാമൂഹിക രംഗത്ത് പുഷ്‌കലമായ പാരമ്പര്യത്തിന്റെ അടിവേരുകളുള്ള ഇന്ത്യയുടെയും സൗദി അറേബ്യയുടെയും സാംസ്‌കാരിക പൈതൃകത്തിന്റെ വിളംബരമോതി 32 ാമത് ജനാദ്രിയ പൈതൃകോത്സവത്തിന് നാളെ തിരശ്ശീലയുയരും.
വൈകിട്ട് നാലുമണിക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ജനാദ്രിയ നഗരിയിൽ പ്രവേശിക്കുന്നതോടെയാണ് 18 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമാവുക.
നഗരിയിലെ പ്രധാന വേദിയിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ രാജാവും സുഷമ സ്വരാജും സംസാരിക്കും. തുടർന്ന് സൗദി അറേബ്യയുടെയും ഇന്ത്യയുടെയും ഏതാനും കലാരൂപങ്ങൾ വേദിയിൽ അവതരിപ്പിക്കും. റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ വിദ്യാർഥികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് കലാരൂപങ്ങളുമായി ഉദ്ഘാടന വേദിയിലെത്തുക. കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽസ്വബാഹ് അടക്കം വിവിധ രാജ്യങ്ങളിലെ നേതാക്കളും പ്രതിനിധികളും ചടങ്ങിന് സാക്ഷിയാകാനെത്തുന്നുണ്ട്. ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കാറുള്ള ഒട്ടകയോട്ട മത്സരവും കലാപരിപാടികളും രാജാവ് ഉദ്ഘാടനം ചെയ്യും. ശേഷം രാജാവും മറ്റു ഉന്നതരും അതിഥി രാജ്യമായ ഇന്ത്യയുടെയും മറ്റു സൗദി പ്രവിശ്യകളുടെയും പവിലിയനുകൾ സന്ദർശിക്കും.
ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ദേശീയ പതാകയുടെ പശ്ചാത്തലത്തിൽ ഒരുക്കിയതാണ് ഇന്ത്യൻ പവിലിയന്റെ കവാടം. 2000 ചതുരശ്ര അടി വിസ്തീർണമുള്ള ഇന്ത്യൻ പവിലിയൻ ഓപൺ എയറിലാണ് സംവിധാനിച്ചിരിക്കുന്നത്. പ്രതിരോധം, ഐ.എസ്.ആർ.ഒ, മരുന്ന്, ഊർജം, കപ്പൽഗതാഗതം, ഓട്ടോമൊബൈൽസ്, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതികം, ഐടി, ടെലികോം, നിർമാണ മേഖല, ടെക്‌സ്‌റ്റൈൽ, കൈത്തറി, ടീ ആൻഡ് കോഫി ബോർഡ്, ആയുർവേദ, യോഗ, പ്രകൃതി ചികിത്സ, യൂനാനി, സിദ്ധ, ഹോമിയോപതി, ടൂറിസം, ഭക്ഷ്യ സംസ്‌കരണം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് പ്രദർശനത്തിനുള്ളത്. സ്വകാര്യ കമ്പനികളും രംഗത്തുണ്ട്.
ഫെസ്റ്റിവലിൽ ഇന്ത്യ അതിഥി രാജ്യമാണെങ്കിലും ഇന്തോനേഷ്യ, അൾജീരിയ, സ്‌പെയിൻ, ബ്രസീൽ, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്.
ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എത്തുന്നത്. വൈകിട്ട് ആറിന് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ ഇന്ത്യൻ സമൂഹവുമായി മന്ത്രി സംവദിക്കും. വ്യാഴാഴ്ച തിരിച്ചുപോകും. ജനാദ്രിയ ഫെസ്റ്റിവലിലെ ഇന്ത്യൻ പവിലിയൻ വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് ഇന്നലെ രാവിലെയും വൈകിട്ടും സന്ദർശിച്ച് ഒരുക്കങ്ങൾ വിലിയിരുത്തി. അംബാസഡർ അഹമ്മദ് ജാവേദ്, ഡി.സി.എം അജാസ് ഖാൻ, പൊളിറ്റിക്കൽ സെക്രട്ടറി ഹിഫ്‌സുറഹ്മാൻ എന്നിവരോടൊപ്പമാണ് മന്ത്രി എത്തിയത്. ഉദ്ഘാടന പരിപാടിയിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ അവതരിപ്പിക്കാനിരിക്കുന്ന സ്വാഗത ഗാനവും മന്ത്രി പരിശോധിച്ചു.
8,9 തീയതികളിലാണ് കേരളത്തിന്റെ പരിപാടികൾ. ഒപ്പന, ദഫ് മുട്ട്, കോൽകളി, വഞ്ചിപ്പാട്ട്, ചാക്യാർകൂത്ത്, കഥകളി, യോഗ, വള്ളംകളി തുടങ്ങിയവ കേരള സ്റ്റാളിൽ നടക്കും. വൈകിട്ട് നാലു മുതൽ 11 വരെയാണ് കേരള സ്റ്റാളിൽ സാംസ്‌കാരിക പരിപാടികൾ ക്രമീകരിച്ചിട്ടുള്ളത്. ഉദ്ഘാടനം നാളെ നാലുമണിക്ക്