- സൗദിയിൽ ഇക്കൊല്ലം പകുതിയോടെ നാലരലക്ഷം വിദേശികളെത്തുമെന്ന് റിപ്പോർട്ട്,
- സാമ്പത്തിക പരിഷ്‌കരണങ്ങൾക്കിടയിലും വിദേശ തൊഴിലാളികൾ എത്തുന്നു
റിയാദ്- ഈ വർഷം പകുതി പിന്നിടുന്നതോടെ സൗദി അറേബ്യയിൽ വിദേശികളുടെ എണ്ണം വൻതോതിൽ ഉയരുമെന്ന് സൂചന. 2018 മധ്യത്തിൽ നാലര ലക്ഷത്തിലേറെ വിദേശികൾ (459,749 പേർ) പുതുതായി സൗദിയിലെത്തുമെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ റിപ്പോർട്ട് പ്രതീക്ഷിക്കുന്നു. കഴിഞ്ഞവർഷം പകുതിയിൽ രാജ്യത്തുള്ള വിദേശികളുടെ എണ്ണം 12,185,284 ആയിരുന്നു. ഇത് 3.8 ശതമാനം എന്ന തോതിൽ വർധിച്ച് 12,645,033 ആയി ഉയരുമെന്നാണ് അതോറിറ്റി ഏറ്റവുമൊടുവിൽ പുറത്തുവിട്ട റിപ്പോർട്ട്.
നിരവധി തൊഴിൽ മേഖലകളിൽ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കിയതിന്റെയും ആശ്രിത ലെവി, വാറ്റ് തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണങ്ങൾ ഏർപ്പെടുത്തിയതിന്റേയും പശ്ചാത്തലത്തിൽ വിദേശികൾ സൗദിയിലെ പ്രവാസം അവസാനിപ്പിക്കുമെന്ന ശ്രുതികൾക്കിടയിലാണ് ഈ വാർത്ത. 2017 അവസാനപാദത്തിൽ സൗദിയിലെ വാസം അവസാനിപ്പിച്ച് 189,015 വിദേശതൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു. 2016 അവസാനത്തിൽ 10,883,335 വിദേശികൾ ഉണ്ടായിരുന്നിടത്ത് 2017 അന്ത്യത്തിൽ 10,694,320 ആയി കുറഞ്ഞെന്നും റിപ്പോർട്ടിലുണ്ട്. ഒമ്പത് മാസത്തിനിടക്കാണ് ഇത്രയും വിദേശികൾ സൗദി വിട്ടത്.
എന്നാൽ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) പുറത്തിറക്കിയ റിപ്പോർട്ടിൽ 2017 അവസാനിക്കുമ്പോൾ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വന്ന കുറവ് ഇതിലും കൂടുതലാണ്. 2016 അവസാനിക്കുമ്പോൾ ഗോസിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾ 8,492,965 ഉണ്ടായിരുന്നിടത്ത് കഴിഞ്ഞ വർഷാവസാനം 8,186,367 ആയി കുറഞ്ഞു. അഥവാ സൗദി തൊഴിൽമേഖലയിൽ ഒമ്പത് മാസത്തിനിടെ കൊഴിഞ്ഞുപോയ വിദേശികളുടെ എണ്ണം 306,598.
അതേസമയം, സൗദി ജനസംഖ്യയിൽ ഈ വർഷം 1.7 ശതമാനം മാത്രമുള്ള വർധനയാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്. 2017ന്റെ മധ്യത്തിൽ സ്വദേശികളുടെ എണ്ണം 20,427,357 ആയിരുന്ന സ്ഥാനത്ത് 20,768,627 ആയി മാറുമെന്നാണ് നിഗമനം.
എണ്ണയുഗത്തിന് ശേഷം ദേശീയ വരുമാന സ്രോതസ്സ് വിപുലീകരിക്കുന്നതിന് ആവിഷ്‌കരിച്ച 'വിഷൻ 2030' സാക്ഷാത്കൃതമാകുന്നതിന് നടപ്പാക്കുന്ന പദ്ധതികളിലേക്ക് ലോകത്തെമ്പാടുമുള്ള വിദഗ്ധ, അവിദഗ്ധ തൊഴിലാളികളുടെ സേവനം ആവശ്യമായി വരുമെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.