Sorry, you need to enable JavaScript to visit this website.

വില്‍പനക്ക് സൂക്ഷിച്ച കഞ്ചാവുമായി പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം- വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒരു കിലോയിലേറെ കഞ്ചാവുമായി ക്ഷേത്ര പൂജാരിയെ വാമനപുരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പിരപ്പന്‍കോട് പുത്തന്‍ മഠത്തില്‍ വൈശാഖിനെയാണ് അറസ്റ്റ് ചെയ്തത്. പിരപ്പന്‍കോട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന വ്യാപകമാകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കുറച്ചുനാളായി എക്‌സൈസ് ഷാഡോ സംഘം പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നു.
ക്ഷേത്ര പൂജാരിയായ വൈശാഖ് വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നതായി എക്‌സൈസ് അറിയിച്ചു. വൈശാഖിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അടുക്കളയില്‍ ചെറിയ പൊതികളാക്കി കവറുകളില്‍ സൂക്ഷിച്ചിരുന്ന 1.100 കിഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആറ്റിങ്ങലിന് സമീപമുള്ള ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്നു വൈശാഖെന്ന് എക്‌സൈസ് പറഞ്ഞു. വെമ്പായം, വെഞ്ഞാറമൂട്, പോത്തന്‍കോട് ഭാഗങ്ങളില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പടെ കഞ്ചാവ് ചില്ലറ വില്പന നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ വൈശാഖ് . കഞ്ചാവ് വില്‍പ്പന സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നുണ്ട്. കൂടുതല്‍ ആളുകളെകുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചതായി എക്‌സൈസ് അറിയിച്ചു.

 

 

Latest News