കോട്ടയം - കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ടിൽ പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം ഭാഗം വെള്ളത്തിൽ മുങ്ങിയത്. നാട്ടുകാർ ചേർന്ന് ബസിനുള്ളിലുള്ള യാത്രക്കാരെ പുറത്തെത്തിച്ചു. പിന്നീട് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ബസ് കെട്ടിവലിച്ച് പള്ളി ഗ്രൌണ്ടിലേക്ക് കയറ്റിയിട്ടു. വെള്ളത്തിൽ മുങ്ങിയ ബസ് പിന്നീട് സ്റ്റാർട്ടാകാതെ വന്നതിനെ തുടർന്നാണ് വലിച്ചു കയറ്റിയത്.
ഈരാറ്റുപേട്ട ടൌണിലും പാലാ റോഡിലും വെള്ളംകയറിയിട്ടുണ്ട്. കൂട്ടിക്കലിൽ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട കുടുംബങ്ങളെ രക്ഷപ്പെടുത്താനായി ഫയർ ഫോഴ്‌സ് ശ്രമം നടത്തി വരികയാണ്. പൂഞ്ഞാർ തെക്കേക്കര ഇടമല സ്‌കൂളിൽ ദുരിതാശ്യസാക്യാമ്പ് തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. പാലാ നഗരവും വെള്ളപ്പൊക്ക ഭീഷണിയിലാണ്.