കോഴിക്കോട് : കരാറുകാരുമായി എം.എൽ.എമാർ തന്റെയടുത്ത് വരരുതെന്ന മന്ത്രി.പി.എ.മുഹമ്മദ് റിയാസിന്റെ നിലപാട് കരാറിലെ പകൽ കൊള്ളക്ക് നിയന്ത്രണം കൊണ്ടു വരുന്നതിന് വേണ്ടിയാണെന്ന് സൂചന. റിവൈസ്ഡ് എസ്റ്റിമേറ്റ് എന്ന പേരിൽ വലിയ കൊള്ളയ്ക്കാണ് കരാർ മേഖലയിൽ കഴിഞ്ഞ കാലയളവിൽ കേരളം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് ഏറ്റവും കൂടുതൽ റിവൈസ്ഡ് എസ്റ്റിമേറ്റുകൾ നടപ്പാക്കിയത്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ വൻകിട കരാറുകളുടെ മറവിൽ 1500 കോടിയോളം രൂപയുടെ വെട്ടിപ്പാണ് കേരളത്തിൽ നടന്നതെന്ന് ഓൾ ഗവൺമെന്റ് കോൺട്രാക്‌ടേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.നാഗരത്‌നൻ 'മലയാളം ന്യൂസി' നോട് പറഞ്ഞു. വൻകിട കരാറുകളുടെ മറവിലാണ് ഈ തട്ടിപ്പ്. 2011- 2016 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൾ റിവൈസ്ഡ് എസ്റ്റിമേറ്റുകൾ പാസാക്കിയിട്ടുള്ളത്. സ്വന്തം പാർട്ടിയിലെ എം.എൽ.എമാരിൽ നിന്ന് രൂക്ഷമായ വിമർശനം നേരിടേണ്ടി വന്നെങ്കിലും ഇക്കാര്യത്തിൽ പിന്നോട്ടില്ലെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് നൽകുന്ന സൂചന.
ഒരു കരാർ ജോലിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി കരാറുകാരനെ നിശ്ചയിച്ച് ജോലി ഏൽപ്പിച്ചു കഴിഞ്ഞാൽ പിന്നിട് പല കാരണങ്ങൾ പറഞ്ഞ് കരാർ തുക പുതുക്കിക്കൊടുക്കുന്നതാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് എന്നറിയപ്പെടുന്നത്. കരാർ ജോലികൾ ആരംഭിച്ചു കഴിഞ്ഞാൽ ആകസ്മികമായുണ്ടാകുന്ന അധിക പ്രവ്യത്തികൾക്കാണ് കരാർ തുക പുതുക്കി നിശ്ചയിക്കുക. പരമാവധി 20 ശതമാനം വരെ മാത്രമേ സാധാരണ നിലയിൽ റിവൈസ്ഡ് എസ്റ്റിമേറ്റ് വെക്കുന്ന കീഴ്‌വഴക്കമുള്ളൂ. എന്നാൽ സ്വാധീനത്തിന്റെ ബലത്തിൽ 100 ശതമാനത്തിലധികം റിവൈസ്ഡ് എസ്റ്റിമേറ്റുകൾ നൽകിയ സ്ഥിതിയുണ്ട്. കുറ്റിപ്പുറം- പൊന്നാനി റോഡിന് 100 ശതമാനമാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് നൽകിയത്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ നൂറിലേറെ വൻകിട ജോലികൾക്കാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് നൽകിയത്. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്തിയാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് വാങ്ങിക്കുന്നത്. എന്നാൽ ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ റിവൈസ്ഡ് എസ്റ്റിമേറ്റിൽ വലിയ വർധന ഉണ്ടാകില്ല. വലിയ കരാർ ജോലികളിൽ അതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ധനകാര്യ വകുപ്പിന്റെയും മറ്റും അനുമതി ആവശ്യമാണ്. റിവൈസ്ഡ് എസ്റ്റിമേറ്റിന് വേണ്ടിയാണ് കരാറുകാർ പ്രധാനമായും എം.എൽ.എമാരെയും കൂട്ടി പൊതുമരാമത്ത് മന്ത്രിയെ കാണാനെത്തുന്നത്. കരാർ തുക വർധിപ്പിച്ചു കിട്ടുന്നതിന് വേണ്ടിയുള്ള ഏറ്റവും നല്ല കുറുക്കു വഴിയാണിത്. ഇത് സംസ്ഥാന ഖജനാവിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുകയും കരാറുകാർക്ക് വലിയ തോതിലുള്ള ലാഭം നേടിക്കൊടുക്കുകയും ചെയ്യുന്നു.
ടെണ്ടറിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ ചെറിയ ചില അധിക വർക്കുകൾ മാത്രമാണ് കരാർ ജോലികൾ നടക്കുമ്പോൾ ഉണ്ടാകുക. എന്നാൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഉദ്ദേശിച്ചതിൽ കൂടുതൽ അധിക വർക്കുകൾ ഉണ്ടെന്നു വരുത്തി വലിയ തുകയ്ക്ക് എസ്റ്റിമേറ്റ് റിവൈസ്‌മെന്റ് നടത്തുകയാണ് ചെയ്യുന്നത്. അത് അംഗീകരിപ്പിക്കാൻ വേണ്ടിയാണ് പലപ്പോഴും കരാറുകാർ മന്ത്രിയെ കാണുന്നത്.
കഴിഞ്ഞ കാലങ്ങളിൽ വലിയ കരാർ ജോലികളിൽ മിക്കതിനും റിവൈസ്ഡ് എസ്റ്റിമേറ്റ് നൽകിയിട്ടുണ്ട്. കരാറുകാർക്ക് ലാഭം മാത്രമല്ല, ഉദ്യോഗസ്ഥർക്ക് വലിയ തുക കമ്മീഷനായി കിട്ടുന്നതാണ് റിവൈസ്ഡ് എസ്റ്റിമേറ്റ് പരിപാടി. എത്ര തുക എസ്റ്റിമേറ്റിൽ കൂട്ടിക്കിട്ടുന്നോ അതിനനുസരിച്ച് കമ്മീഷൻ തുകയും ഉയരും. കരാറുകാരന് കിട്ടുന്ന വർധനയുടെ 25 ശതമാനം മുതൽ 40 ശതമാനം വരെ വിവിധ തട്ടുകളിലായി കമ്മീഷൻ നൽകണമെന്ന് ചില കരാറുകാർ സമ്മതിക്കുന്നു. ഇത്തരത്തിൽ വലിയ തട്ടിപ്പ് കരാർ നൽകുന്നതിന്റെ ഭാഗമായി നടക്കുന്നതിനെക്കുറിച്ച് ബോധ്യമുള്ളതുകൊണ്ടാകാം കരാറുകാരെ കൂട്ടി തന്നെ കാണാൻ വരരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ് എം.എൽ.എമാർക്ക് നിർദ്ദേശം നൽകിയിട്ടുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം.
കരാർ ജോലി ചെയ്തതിനുള്ള ബിൽ തുക എളുപ്പത്തിൽ പാസാക്കി നൽകുമ്പോഴാണ് നേരത്തെ ഉദ്യോഗസ്ഥർക്ക് എറ്റവും കൂടുതൽ തുക കമ്മീഷൻ ഇനത്തിൽ കൈക്കൂലിയായി ലഭിക്കാറുണ്ടായിരുന്നത്. എന്നാൽ ഈ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടതോടെ സ്ഥിതി മാറി. ജോലി തീർത്തതിന്റെ സീനിയോറിറ്റി അനുസരിച്ച് മാത്രമേ ബിൽ തുക പാസാക്കി നൽകാൻ പാടുള്ളൂവെന്ന് കോടതി വിധി പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വന്തക്കാർക്ക് ഇടയ്ക്ക് കയറി വേഗത്തിൽ ബിൽ പാസാക്കുന്ന പരിപാടി അവസാനിക്കുകയും ഉദ്യോഗസ്ഥർക്ക് പഴയ രീതിയിൽ കമ്മീഷൻ കിട്ടാത്ത സ്ഥിതി വരികയും ചെയ്തു. ഈ നഷ്ടം ഒഴിവാക്കാനാണ് റിവൈസ്ഡ് എസ്റ്റിമേറ്റിലൂടെ കരാറുകാർക്ക് വലിയ തുക ലാഭമുണ്ടാക്കി നൽകി കമ്മീഷൻ പറ്റുന്നത്.
റിവൈസ്ഡ് എസ്റ്റിമേറ്റിന് വേണ്ടി രാഷട്രീയ സ്വാധീനം ഉണ്ടാക്കാൻ വേണ്ടിയാണ് കരാറുകാർ എം.എൽമാർ മുഖേന മന്ത്രിയെ കാണുന്നത്. തന്റെ മണ്ഡലത്തിൽ നടക്കുന്ന പൊതുമരാമത്ത് ജോലികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുന്നതിൽ എം.എൽ.എമാർക്കുള്ള താൽപര്യവും റിവൈസ്ഡ് എസ്റ്റിമേറ്റ് നേടാൻ കരാറുകാർ വലിയ രീതിയിൽ തന്നെ ദുരുപയോഗപ്പെടുത്തുന്നു.