ആലുവ: ഭർത്താവ് സ്‌കൂട്ടർ ഓടിക്കും , ഭാര്യ മാല പൊട്ടിക്കും. കുടുംബ സമേതം കവർച്ച നടത്തി വന്ന യുവ ദമ്പതികൾ ഒടുവിൽ പോലീസ് പിടിയിലായി . നായരമ്പലം നെടുങ്ങാട് കളത്തിപ്പറമ്പിൽ സുജിത്ത് കുമാർ (35) ഭാര്യ വിദ്യ (29) എന്നിവരാണ് എറണാകുളം ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ കഴുത്തിൽ നിന്ന് ഇവർ സ്വർണമാല പൊട്ടിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാം തിയ്യതിയാണ് സംഭവം.
പള്ളിയിൽ പോവുകയായിരുന്ന നായരമ്പലം സ്വദേശിനിയുടെ രണ്ടരപ്പവന്റെ മാലയാണ് നെടുങ്ങാട് പള്ളിപ്പാലത്തിനു സമീപത്തുവെച്ച് ഇരുവരും പൊട്ടിച്ചെടുത്തത്. ഭർത്താവ് സുജ്ത് കുമാർ സ്‌കൂട്ടർ ഓടിക്കുമ്പോൾ പിറകിലിരിക്കുന്ന ഭാര്യ വിദ്യയാണ് മാല പൊട്ടിക്കുന്നത്. വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച സ്‌കൂട്ടറിലായിരുന്നു ഇവരുടെ യാത്ര.
കവർച്ചയുടെ ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽനിന്ന് ലഭിച്ചിരുന്നെങ്കിലും ആളുകളെ സംബന്ധിച്ച് വ്യക്തയില്ലായിരുന്നു. തുടർന്ന് സമീപപ്രദേശത്തെ സി.സി.ടി.വി. ക്യാമറകളും പോലീസ് പരിശോധിച്ചു. മുമ്പ് സമാനകുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയും സംശയിക്കുന്നവരെയും ചോദ്യംചെയ്തു. ഇതിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. ചോദ്യംചെയ്യലിൽ വീട്ടമ്മയുടെ മാല പൊട്ടിച്ചതിന് പുറമേ മറ്റുസ്ഥലങ്ങളിൽ നടത്തിയ മോഷണശ്രമങ്ങളും ഇവർ പോലീസിനോട് സമ്മതിച്ചു.
അടുത്ത മോഷണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായതെന്ന് റൂറൽ എസ്.പി. കെ. കാർത്തിക്ക് പറഞ്ഞു.