കൊച്ചി- മോന്‍സണ്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ഐജി ലക്ഷ്മണയും അനിത പുല്ലയിലും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. മോന്‍സണ്‍ മാവുങ്കല്‍ അറസ്റ്റിലായതിന് ശേഷമുളള സംഭാഷണമാണ് പുറത്തു വന്നത്. അനിതയെ ചോദ്യം ചെയ്യാന്‍ വിദേശത്തു നിന്നും വിളിച്ചു വരുത്തുമെന്ന് ഇന്നലെ െ്രെകംബ്രാഞ്ച് അറിയിച്ചതിന് പിന്നാലെയാണ് ചാറ്റ് പുറത്തുവിട്ടത്.
മോന്‍സണ്‍ അറസ്റ്റിലായത് ലക്ഷ്മണയെ അറിയിച്ചത് അനിതയാണ്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവരെ വിളിച്ചുവരുത്താനാണ് ക്രൈംബ്രാഞ്ച് തീരുമാനം. ഇയാളെക്കുറിച്ച് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സംശയം പ്രകടിപ്പിച്ചിരുന്നതായും ഇരുവരുടേയും സന്ദേശത്തിലുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് ബെഹ്‌റ ഇയാളുടെ ഇടപാടുകളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചത്.
ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുളളവരെ അനിതയാണ് മോന്‍സന് പരിചയപ്പെടുത്തി കൊടുത്തതെന്ന് അനിത നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ടുളള പരിചയം മാത്രമാണ് തനിക്ക് മോന്‍സനുമായുളളതെന്നും അനിത പറഞ്ഞിരുന്നു. മോന്‍സനുമായി സാമ്പത്തിക ഇടപാടുകളൊന്നുമില്ല. ഡിഐജി സുരേന്ദ്രനെ മോന്‍സന്റെ വീട്ടില്‍ വച്ചാണ് പരിചയപ്പെട്ടത്. ആളുകളുമായി പെട്ടെന്ന് സൗഹൃദം സ്ഥാപിച്ചെടുക്കാനുളള കഴിവ് മോന്‍സനുണ്ടെന്നും അയാള്‍ വലിയ തട്ടിപ്പുകാരനാണെന്നും അനിത പറഞ്ഞിരുന്നു.
പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിനോട് അടുപ്പമുണ്ടെന്ന ആക്ഷേപത്തില്‍ നേരത്തെ ഐജി ലക്ഷ്മണയ്ക്ക് എഡിജിപി മനോജ് എബ്രഹം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മോന്‍സന്‍ മാവുങ്കലിനെതിരെ ആറ് കോടിയുടെ തട്ടിപ്പ് ആരോപണം ഉയര്‍ത്തി ബിസിനസ് ഗ്രൂപ്പ് നല്‍കിയ പരാതിയിലെ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എ.ഐ.ജിയ്ക്കായി ഐജി ലക്ഷ്മണ മെയില്‍ അയച്ചു എന്ന ആക്ഷേപത്തിലാണ് വിശദീകരണം തേടിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനായി പോലീസ് ആസ്ഥാനത്തെത്തിയ ഐജി ലക്ഷ്മണയെ തിരിച്ചയച്ചിരുന്നു.