സെസി സേവ്യർ എന്ന പേരിന് മുന്നിൽ ഉത്തരം കിട്ടാതെ വലയുകയാണ് കേരള പോലീസ്. ഇവർ എവിടെയാണ് പോയി ഒളിച്ചത് ? ആരാണ് ഇവരെ ഒളിപ്പിച്ചിരിക്കുന്നത്.? പോലീസിന് ഒരു മറുപടിയുമില്ല. എവിടേക്ക് പോയെന്നതിനെക്കുറിച്ച് ഒരു തുമ്പു പോലും ലഭിച്ചിട്ടില്ല. എങ്കിലും കേരളത്തിലേയോ, തമിഴ് നാട്ടിലേയോ ഏതെങ്കിലും കേന്ദ്രങ്ങളിൽ ഇവരുണ്ടാകുമെന്ന് പോലീസ് വിശ്വസിക്കുന്നു. ഒരു കാര്യം മാത്രമാണ് പോലീസിന് ഉറപ്പുള്ളത്. ആരുടെയോക്കെയോ കാര്യമായ സഹായം ഇവർക്ക് ലഭിക്കുന്നുണ്ട്. അല്ലാതെ ഇത്രയും കാലം ഒളിവിൽ പിടിച്ച് നിൽക്കാനാകില്ല.
വ്യാജ അഭിഭാഷക ചമഞ്ഞ് രണ്ടു വർഷത്തോളം ആലപ്പുഴ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും കോടതിയുടെ നിർദ്ദേശ പ്രകാരം വിവിധ കേസുകളിൽ അഭിഭാഷക കമ്മീഷനായി പ്രവർത്തിക്കുകയും ബാർ അസോസിയേഷനിൽ ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുള്ള സെസി സേവ്യറിനെ മാസങ്ങളായി പോലീസ് തെരഞ്ഞ് നടക്കുകയാണ്. പക്ഷേ ഇവർ എവിടെയാണെന്ന സൂചന പോലും പോലീസിനില്ല.
ഹൈക്കോടതിയിൽ ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇവരോട് പോലീസിന് മുന്നിൽ കീഴടങ്ങാൻ കോടതി ഉത്തരവിട്ടിരുന്നു. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനും കോടതി നിർദ്ദേശിച്ചു. എന്നാൽ ഇവരെക്കുറിച്ച് യാതൊരു
വിവരവുമില്ലാത്തതിനാൽ ആദ്യം കേരളത്തിലും പിന്നീട് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലും പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
എൽ.എൽ.ബി പഠനം പൂർത്തിയാക്കാതെ അഭിഭാഷകക്കുപ്പായമണിഞ്ഞ സെസി സേവ്യർ ആലപ്പുഴ ബാറിലെ അഭിഭാഷകർക്കിടയിലെ താരമായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിപുലമായ ബന്ധം ഉണ്ടാക്കാനും ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവർക്ക് കഴിഞ്ഞു. ഹൃദ്യമായ പെരുമാറ്റത്തിലൂടെ ആരെയും ഒറ്റയടിക്ക് കൈയിലെടുക്കുന്ന സെസി വ്യാജ അഭിഭാഷകയാണെന്ന് ഇവിടുത്തെ മറ്റ് അഭിഭാഷകർ തിരിച്ചറിഞ്ഞിരുന്നില്ല.
പിന്നീട് തെരഞ്ഞെടുപ്പിൽ രണ്ട് ചേരിയിലായി മത്സരം നടക്കുകയും ഇതിൽ ഒരു ചേരിയിലെ പ്രധാന നായികയായി സെസി മാറുകയും ചെയ്തതോടെയാണ് ഇവർ എൽ.എൽ.ബി പഠനം പൂർത്തിയാക്കിയിട്ടില്ലെന്ന് കാണിച്ച് ബാർ അസോസിയേഷന് രഹസ്യ കത്ത് ലഭിക്കുന്നത്. എന്നാൽ പലരുടെയും സഹായത്തോടെ ഈ കത്ത് ഏറെക്കാലം പൂഴ്ത്തിവെക്കാൻ സെസിക്കായി . പിന്നീട് ഇതേച്ചൊല്ലി മുറുമുറുപ്പ് ഉയർന്നതോടെയാണ് സെസി സേവ്യറിന്റെ എൻറോൾമെന്റ് നമ്പറും മറ്റും ബാർ അസോസിയേഷൻ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചത്. മറ്റൊരു അഭിഭാഷകയുടെ എൻറോൾമെന്റ് നമ്പറാണ് ഇവർ നൽകിയത്. അതോടെ കള്ളിവെളിച്ചത്തായി. ഇതോടെ ബാർ അസോസിയേഷൻ പോലീസിൽ പരാതി നൽകുകയായിരുന്നു. അപ്പോഴും സെസി പതറിയിരുന്നില്ല. തന്റെ വ്യാപക ബന്ധം ഉപയോഗിച്ച് കേസിൽ നിന്ന് ഊരിപ്പോരനാകുമെന്നാണ് അവർ കണക്കു കൂട്ടിയത്.
കണക്ക് കൂട്ടിയ പോലെ തന്നെ ആദ്യം കോടതിയിൽ നിന്ന് എളുപ്പത്തിൽ ജാമ്യം ലഭിക്കാവുന്ന കേസാണ് പോലീസ് ചുമത്തിയത്. ഇതനുസരിച്ച് ജാമ്യമെടുക്കാനായി സെസി ആഡംബരമായിത്തന്നെ ആലപ്പുഴ കോടതിയിൽ എത്തിയെങ്കിലും ജാമ്യമില്ലാത്ത ഗുരുതര വകുപ്പുകൾ പിന്നീട് ചേർത്തിട്ടുണ്ടെന്ന് അറിഞ്ഞതോടെ ഇവർ മുങ്ങുകയായിരുന്നു. ഈ സമയം പോലീസുകാർ കോടതിയിലുണ്ടായിരുന്നെങ്കിലും അറസ്റ്റ് ചെയ്യാൻ തയ്യാറായില്ല. അവിടെ നിന്ന് മുങ്ങിയ സെസി പിന്നീട് പൊങ്ങിയിട്ടില്ല. ആലപ്പുഴ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. വളരെ ഗുരുതരമായ കുറ്റകൃത്യമാണ് സെസി സേവ്യർ ചെയ്തതെന്നും അതിനാൽ തന്നെ മുൻകൂർ ജാമ്യം നിഷേധിക്കുകയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ കീഴടങ്ങാൻ നിർദ്ദേശിക്കുകയുമായിരുന്നു.
പോലീസ് ഉന്നതരിലും അഭിഭാഷകർക്കിടയിലുമെല്ലാം സെസിക്ക് വ്യാപക ബന്ധങ്ങളുണ്ട്. തനിക്കുള്ള ബന്ധങ്ങളെല്ലാം തന്നെ വലിയ രീതിയിൽ ഉപയോഗപ്പെടുത്തിയാണ് സെസി ഒളിവിൽ കഴിയുന്നതെന്നാണ് ആലപ്പുഴ പോലീസ് പറയുന്നത്.
ആരുടെയും സഹായമില്ലാതെ ഒരു സ്ത്രീക്ക് ഒറ്റക്ക് ഒളിവിൽ കഴിയുക എളുപ്പമല്ലെന്ന് പോലീസ് സമ്മതിക്കുന്നു. മാത്രമല്ല, ഇതിന് മുൻപ് മറ്റ് കുറ്റകൃത്യങ്ങളിലൊന്നും പങ്കാളിയല്ലാത്തതിനാൽ കുറ്റവാളി സംഘങ്ങളുമായി ഇവർക്ക് വലിയ ബന്ധം ഉണ്ടാകാനുള്ള സാധ്യതയുമില്ല. അങ്ങനെ വരുമ്പോൾ ദീർഘകാലം ഒളിച്ചിരിക്കുകയെന്നത് എളുപ്പമല്ല. പ്രത്യേകിച്ച് സാമൂഹ്യ മാധമങ്ങളിലും പത്ര-ദൃശ്യ മാധ്യങ്ങളിലുമെല്ലാം ഇവരുടെ നിരവധി ചിത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ സെസിയെ ഒളിപ്പിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ ആരൊക്കയോ ചേർന്ന് നടത്തുന്നുണ്ട്. സെസിയെ കണ്ടുപിടിക്കാൻ പോലീസ് വലിയ ജാഗ്രതയൊന്നും കാണിക്കാത്തത് ഇതുമായി ബന്ധപ്പെട്ട് കൂട്ടിവായിക്കേണ്ടതാണ്. ഇവർ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയും തള്ളാനാകില്ല. കോടതിയെ ബോധ്യപ്പെടുത്താൻ കേരളത്തിലും തമിഴ്‌നാട്ടിലും ലുക്ക് ഔട്ട് നോട്ടീസ് പതിച്ചതിനപ്പുറം കാര്യമായ നടപടികളൊന്നും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നതും സെസിയുടെ ഉന്നത് ബന്ധങ്ങൾക്ക് തെളിവാണ്.