കോഴിക്കോട്- കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരരുതെന്ന പ്രസ്താവന ആവര്‍ത്തിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ലെന്നും ഇടതുപക്ഷ നയവും നിലപാടുമാണ് താന്‍ വ്യക്തമാക്കിയതെന്നും മന്ത്രി അവകാശപ്പെട്ടു.
കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ കാണാന്‍ വരരുതെന്ന പ്രസ്താവനയിന്മേല്‍ എംഎല്‍എമാരുടെ യോഗത്തില്‍ താന്‍ ഖേദം പ്രകടിപ്പിച്ചുവെന്നും നിലപാടില്‍ നിന്നും പുറകോട്ട് പോയെന്നുമുള്ള രീതിയില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ എംഎല്‍എമാരുടെ യോഗത്തില്‍ ഒരാള്‍ പോലും ഇത്തരത്തിലൊരു അഭിപ്രായം ഉന്നയിച്ചിട്ടില്ല. താന്‍ എവിടെയും ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണ്. ഒരടി പുറകോട്ട് പോയിട്ടുമില്ല. ചില കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ ബന്ധമുണ്ട്. തട്ടിപ്പും അഴിമതിയും ഉണ്ട്. ചില കരാറുകാരുടെ നീക്കങ്ങള്‍ക്ക് ചില ഉദ്യോഗസ്ഥര്‍ സഹായം നല്‍കുന്നു- മന്ത്രി പറഞ്ഞു.
സ്വന്തം മണ്ഡലത്തിലെ പൊതു പ്രശ്‌നങ്ങള്‍ അത് കരാറുകാരുടേതായാലും എം.എല്‍.എമാര്‍ക്ക് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താം. കരാറുകാരില്‍ ഭൂരിപക്ഷവും നല്ലവരാണ്. എന്നാല്‍ ചെറിയ വിഭാഗം പ്രശ്‌നക്കാരുണ്ട്. എം.എല്‍.എമാര്‍ക്ക് കാരാറുകാരെ മന്ത്രിയുടെ അടുത്ത് കൊണ്ട് വരാം. പക്ഷെ എന്ത് ഏത് ആര് എന്ന് നോക്കിയേ പറ്റു. മന്ത്രി എന്ന നിലയില്‍ ഇടത് പക്ഷ നിലപാടും നയവുമാണ് നടപ്പാക്കുന്നത്. കരാറുകാര്‍ തെറ്റായ നിലപാട് എടുത്താല്‍ അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.