റിയാദ്- ഇഖാമ, തൊഴിൽ നിയമ ലംഘകരെ സഹായിച്ച ആയിരത്തിലേറെ വിദേശികളെ സുരക്ഷാ വകുപ്പുകൾ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തടവും പിഴയും പ്രവേശന വിലക്കും അടക്കമുള്ള ശിക്ഷകൾ കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് വിദേശികൾക്ക് അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിച്ചതിനെ തുടർന്ന് നവംബർ പതിനഞ്ചു മുതൽ കഴിഞ്ഞ ശനിയാഴ്ച വരെ സുരക്ഷാ വകുപ്പുകൾ നടത്തിയ പരിശോധനകളിലാണ് നിയമ ലംഘകർക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായങ്ങളും നൽകിയ 1067 വിദേശികൾ പിടിയിലായത്. ഇതേ നിയമ ലംഘനത്തിന് 169 സൗദികളെയും പിടികൂടി. ഇതിൽ 154 പേരെ ശിക്ഷാ നടപടികൾ പൂർത്തിയാക്കി വിട്ടയച്ചു. 15 പേർക്കെതിരെ നടപടികൾ പൂർത്തിയാക്കിവരികയാണ്.
അമ്പതു ദിവസത്തിനിടെ 5,34,764 നിയമ ലംഘകരാണ് സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. ഇതിൽ 3,59,784 പേർ ഇഖാമ നിയമ ലംഘകരും 1,21,161 പേർ തൊഴിൽ നിയമ ലംഘകരും 50,855 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്. ഇക്കാലയളവിൽ അതിർത്തികൾ വഴി സൗദിയിൽ നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 7670 പേരെ സുരക്ഷാ വകുപ്പുകൾ പിടികൂടി. ഇവരിൽ 70 ശതമാനം പേർ യെമനികളും 28 ശതമാനം പേർ എത്യോപ്യക്കാരും രണ്ടു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. ഇക്കാലയളവിൽ അതിർത്തി വഴി നിയമ വിരുദ്ധമായി വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 480 പേരെയും സുരക്ഷാ വകുപ്പുകൾ പിടികൂടി. 10,371 പുരുഷന്മാരും 2078 വനിതകളും അടക്കം ആകെ 12,449 നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചുവരികയാണ്. 93,820 പേർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചു. യാത്രാ രേഖകൾക്ക് 76,851 പേരെ എംബസികൾക്കും കോൺസുലേറ്റുകൾക്കും കൈമാറി. നാടുകടത്തുന്നതിനു വേണ്ടി 84,074 പേർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്തുവരികയാണ്. 1,20,425 നിയമ ലംഘകരെ ഇതിനകം നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.