റിയാദ്- സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതികളിലൊന്നായ നിയോം പദ്ധതിയുടെ ഭാഗമായി ചെങ്കടലിന്റെ വടക്ക് ഭാഗത്ത് ആറ് ആഴ്ച നീണ്ട പര്യവേക്ഷണം അവസാനിച്ചതായി നിയോം കമ്പനി സിഇഒ നസ്മി അൽനാസർ അറിയിച്ചു. ഓഷ്യൻ എക്‌സ് കമ്പനിയുടെ സഹകരണത്തോടെ ഓഷ്യൻ എക്‌സ്പ്രസ് കപ്പലിലാണ് പ്രത്യേക സംഘം കടലിൽ പര്യവേക്ഷണം നടത്തിയത്.
635 മീറ്റർ നീളമുള്ള ആകർഷകമായ മല, കടലിന്റെ അടിത്തട്ടിൽ ഉപ്പുതടാകം, 600 കിലോമീറ്റർ ചുറ്റളവിൽ പവിഴപ്പുറ്റുകളുടെയും മത്സ്യങ്ങളുടെയും മറ്റു ജൈവ വൈവിധ്യങ്ങളുടെയും സങ്കേതം എന്നിവ സംഘം കണ്ടെത്തി. ഇതുവരെ പ്രദേശത്ത് കണ്ടിട്ടില്ലാത്ത കൂറ്റൻ കണവയുടെ ദൃശ്യം ദൗത്യ സംഘത്തിന്റെ ക്യാമറ രണ്ട് പ്രാവശ്യം പകർത്തി.
സ്രാവുകൾ, തിമിംഗലം, ആമകൾ, ഡോൾഫിനുകൾ എന്നിവക്ക് പുറമെ 341 ഇനം മത്സ്യങ്ങളെ തിരിച്ചറിഞ്ഞു. ഇവയിൽ എട്ടെണ്ണം പുതിയതും 68 എണ്ണം പ്രാദേശികമായി കാണപ്പെടുന്നതും 18 എണ്ണം അപൂർവമായി കണ്ടുവരുന്നതുമാണ്.
കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രതിരോധ ശേഷികളുള്ള അപൂർവയിനം പവിഴപ്പുറ്റുകളുടെ കേന്ദ്രവും സംഘം കണ്ടത്തി. മൂന്ന് പുതിയ ദ്വീപുകളിലും വിശദമായ പരിശോധന നടത്തി.
960 മണിക്കൂറിലധികം നീണ്ട പര്യവേക്ഷണത്തിൽ നിയോമിന്റെ നാലു വിദഗ്ധർ, ജല വകുപ്പ്, കിംഗ് ഫഹദ് പെട്രോൾ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽനിന്ന് അഞ്ച് പേർ, കിംഗ് അബ്ദുല്ല സയൻസ് ആന്റ് ടെക്‌നോളജി യൂനിവേഴ്‌സിറ്റിയിൽനിന്ന് 11 പേർ, നാഷണൽ ജ്യോഗ്രഫിയിൽനിന്ന് അഞ്ചു പേർ അടക്കം 30 പേരാണ് ഉണ്ടായിരുന്നത്. സമുദ്ര പരിസ്ഥിതി വ്യവസ്ഥകൾ, കടൽത്തീരത്ത് ജീവിക്കുന്ന വലിയ ജീവജാലങ്ങൾ, ഉപ്പുവെള്ള അക്വേറിയങ്ങൾ എന്നിവയെക്കുറിച്ച് ശാസ്ത്രീയ ഗവേഷണം നടത്തിയതിനാൽ ലോകത്തിലെ ഏറ്റവും നൂതനമായ പര്യവേക്ഷണ, ഗവേഷണ കപ്പലുകളിൽ ഒന്നാണ് ഓഷ്യൻ എക്‌സ്‌പ്ലോറർ.