- മൂന്നു കോടി ജനത്തിന് രണ്ട് ലക്ഷം കോടി കടബാധ്യത
കേരളം അത്യന്തം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് തുറന്നു സമ്മതിക്കുന്ന ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് നമ്മുടെ പൊതുകടം രണ്ട് ലക്ഷം കോടി കടന്നുവെന്ന വിവരം തൊട്ടും തൊടാതെയും പറയുമ്പോൾ സാമാന്യ ജനത്തിന് അത് മനസ്സിലാകാതെ പോകുന്നു. ഏകദേശം 60,000 കോടി പ്രതിവർഷ വരുമാനവും 72,000 കോടി ചെലവും വരുന്ന സംസ്ഥാനമാണ് കേരളം. വരവു ചെലവിലെ അന്തരം തന്നെ 12,000 കോടിയോളം വരുന്ന അവസ്ഥ. കേന്ദ്ര ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ജനത്തെ പണയപ്പെടുത്തി അതായാത് ബോണ്ട് നൽകി കടമെടുക്കാൻ സാധിക്കില്ലെന്ന് മറ്റാരേക്കാളും തോമസ് ഐസക്കിന് അറിയാം. അതുകൊണ്ടാണ് സ്വയം ഒരു ബോർഡ് ഉണ്ടാക്കി അതിനെ കെ.എസ്.എഫ്.ഇയുമായി ബന്ധപ്പെടുത്തി ഫണ്ട് തരപ്പെടുത്തി വായ്പയെടുക്കാൻ ശ്രമിക്കുന്നത്. സാധാരണ ഗതിയിൽ ഇത്തരം നീക്കത്തെ എസ്.പി.വി അഥവാ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ എന്നു പറയും. ഫണ്ട് സ്വരൂപിക്കുന്ന പരിപാടി തന്നെയെന്ന് ചുരുക്കം. ഫണ്ട് പക്ഷേ എവിടെ നിന്ന് വരും. മുമ്പ് ഇടതുപക്ഷ സർക്കാർ ഇത്തരം ഒരു പരിപാടിക്ക് വ്യവസായ വകുപ്പിനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്നത്തെ കിഫ്ബിക്ക് പകരം അന്ന് ഇൻകലായിരുന്നു. അതിലും നിക്ഷേപിച്ചതും തിരിച്ചൊന്നും കിട്ടാതെ പോയതും പാവം പ്രവാസികൾ തന്നെ. ഇൻകലിന്റെ പ്രചാരണാർഥം അന്നത്തെ വ്യവസായ മന്ത്രി എളമരം കരീം സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. കുറെ ഫണ്ട് ഈ വഴിക്ക് സ്വരൂപിക്കുകയും ചെയ്തു.
അത്തരം ഒരു നിക്ഷേപ പരിപാടിയോ പദ്ധതിയോ ഗൾഫിലെ ഇന്നത്തെ സവിശേഷമായ സാഹചര്യത്തിൽ ക്ലച്ച് പിടിക്കില്ലെന്ന് ധനകാര്യ വിദഗ്ധനായ ഡോ. തോമസ് ഐസക്കിന് നന്നായി അറിയാം. ഗൾഫിൽ ഉടനീളം പ്രവാസികൾ ജോലി സംബന്ധമായ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. മടക്ക യാത്രയുടെ മുനമ്പിലാണ് പലരും. ആശ്രിത ലെവി ഉൾപ്പെടെ നിരവധി വെല്ലുവിളികൾ. ഈ സമയത്ത് നാട്ടിൽ ഒരു ചിട്ടി കൂടുന്ന കാര്യം ഭൂരിപക്ഷം പ്രവാസികളും സ്വാഭാവികമായും ചിന്തിച്ചു പോകും. സാഹചര്യം അതാണ്. ഇത് മനസ്സിലാക്കി തോമസ് ഐസക് തേൻ പുരട്ടിയ ഒരു അപ്പക്കഷ്ണവുമായി പ്രവാസി ചിട്ടിയെന്ന ചിലന്തിവലയൊരുക്കി ഇര പിടിക്കാൻ തയാറെടുക്കുകയാണ്. അതും കെ.എസ്.എഫ്.ഇയുടെ വിലാസത്തിൽ. ചിട്ടിയിനത്തിൽ സ്വരൂപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ഭീമമായ തുക നേരെ കിഫ്ബിയിലെത്തും. അവിടെ നിന്ന് അത് ഒമ്പത് ശതമാനം പലിശക്ക് വായ്പയായി സംസ്ഥാന സർക്കാരെടുക്കും. എന്നിട്ട് റോഡ് പണിയും. പെൻഷനും സർക്കാർ ജീവനക്കാർക്ക് ശമ്പളവും കൊടുക്കും. ഇതിൽ എവിടെയാണ് പ്രൊഡ്ക്ടിവിറ്റി? എവിടെയാണ് യഥാർഥ വികസനം. പണിയുന്ന പുതു റോഡുകളിൽ നിന്ന് ടോൾ പിരിക്കൽ പ്രായോഗികമാണോ? അല്ല. വാഹന നികുതി ഇരട്ടിയാക്കിയും പെട്രോൾ സെസ് വർധിപ്പിച്ചും മാത്രമേ തിരിച്ചടവ് സാധ്യമാകൂവെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുമ്പോൾ തോമസ് ഐസക് ചൂടാകുന്നതെന്തിന്? (വാഹന നികുതി ഇപ്പോൾ തന്നെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കൂടതലാണ്. )
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി വഴി കിഫ്ബിയിൽ പണമെത്തിച്ച് അവിടെ നിന്ന് വായ്പയെടുക്കുന്നത് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നതു പോലെയുള്ള പണിയാണ്. ഈ സർക്കാരിനു മാത്രമല്ല വരുന്ന സർക്കാരുകൾക്കും ഇതു തലവേദനയാകും. അതോടൊപ്പം കേരളത്തിന്റെ വികസനത്തിൽ സാരമായ മുരടിപ്പും അനുഭവപ്പെടും. ഇത് വർഷങ്ങളോളം തുടരുകയും ചെയ്യും. കൃത്യമായ ഒരു വീക്ഷണമില്ലാതെയാണ് പിണറായി സർക്കാർ മുന്നോട്ടു പോകുന്നത്. മുമ്പ് ഭരിച്ച സർക്കാരുകൾക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്. ഇനി ഇടതു സർക്കാർ തന്നെ അടുത്ത തെരഞ്ഞെടുപ്പിലും അധികാരത്തിൽ വന്നെന്ന് കരുതുക. അപ്പോഴായിരിക്കും ശരിക്കും വെള്ളം കുടിക്കുക.
പ്രവാസി ചിട്ടിയുടെ പേരിൽ മിനിമം പതിനായിരം കോടിയുടെ ചിട്ടിയാണ് സ്വരൂപിക്കാൻ ഉദ്ദേശിക്കുന്നതെന്ന് സങ്കൽപിക്കുക. അതായത് നാൽപത് മാസത്തെ ചിട്ടി. ചിട്ടി നിയമ പ്രകാരം ആദ്യത്തെയും അവസാനത്തെയും മാസത്തെ ചിട്ടി തുക കെ.എസ്.എഫ്.ഇക്ക് ഒരു ഗാരണ്ടിയും നൽകാതെ തന്നെ സൗജന്യമായി ലഭിക്കും. പതിനായിരം കോടിയുടെ കൂടെ മിനിമം ഒരു അഞ്ഞൂറു കോടി അധികമായി ഈ വഴിക്ക് വരും. ചിട്ടിയിൽ ചേർന്ന ഒരാൾ അതായത് സബ്‌സ്‌ക്രൈബർ രണ്ടാം മാസം ചിട്ടി വിളിച്ചെന്ന് കരുതുക. ചിട്ടി തുക കണക്കാക്കുക രണ്ടാമത്തെ മാസത്തെ അടവു തീയതി മുതലായിരിക്കും. ആദ്യത്തെ മാസത്തെ അടവു തീയതി ബാധകമായിരിക്കില്ല. രണ്ടാമത്തെ അടവു തീയതി മുതൽ അറുപതു ദിവസത്തെ കാലതാമസമെടുക്കും ചുരുങ്ങിയത് ചിട്ടി പിടിച്ച തുക ലഭിക്കാൻ. അതുകൊണ്ട് തന്നെ എല്ലായ്‌പോഴും കെ.എസ്.എഫ്.ഇയുടെ കൈവശം പത്തു ശതമാനം ചിട്ടി തുക ഒരു ഗാരണ്ടിയും കൂടാതെ ഇരിക്കും. ഈ തുക സർക്കാരിന് ഇഷ്ടം പോലെ ചെലവഴിക്കാനും സാധിക്കും. ഇവിടെയാണ് പ്രവാസികൾ കൃത്യമായി വഞ്ചിക്കപ്പെടുന്നത്.
ചിട്ടി പിടിച്ച തുക ലഭിക്കണമെങ്കിൽ നാട്ടിൽ പ്രവാസി ഗാരണ്ടി കൊടുക്കണം. ഇത് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ഈടോ ആകാം. എന്തായാലും ഈട് അനിവാര്യമാണ്. ഈ നിയമം പ്രവാസി ചിട്ടിക്കു വേണ്ടി ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇക്കോ സാക്ഷാൽ തോമസ് ഐസക്കിനോ മാറ്റാൻ സാധിക്കില്ല. റിസർവ് ബാങ്കിന്റെ കൃത്യമായ നിയമാവലികൾ അനുസരിച്ച് മാത്രമേ കെ.എസ്.എഫ്.ഇക്ക് പ്രവർത്തിക്കാൻ സാധിക്കൂ. ഇതുമായി ബന്ധപ്പെട്ട് മറിച്ച് എന്തെങ്കിലും വാഗ്ദാനം തോമസ് ഐസക് പ്രവാസികൾക്ക് നൽകിയാൽ അത് പാലിക്കാൻ കഴിയാത്ത വാഗ്ദാനമായിരിക്കും. കാരണം ധനകാര്യ സ്ഥാപനങ്ങൾക്ക് നിയമാവലിയുണ്ട്. ഇത് ചിട്ടിയിൽ ചേരും മുമ്പ് പ്രവാസികൾ നന്നായി ഓർമിക്കണം. കെ.എസ്.എഫ്.ഇ ചിട്ടി അനുഭവസ്ഥരുമായി ബന്ധപ്പെടുന്നതും നന്നായിരിക്കും. അപ്പോഴറിയാം വ്യവസ്ഥകൾ. ചിട്ടി വിളിച്ചയാൾ ഈട് നൽകുന്നതിൽ പരാജയപ്പെട്ടാൽ ആ തുക ചിട്ടി കാലാവധി തീരും വരെ കെ.എസ്.എഫ്.ഇ സ്ഥിര നിക്ഷേപമായി മാറ്റും. ഈ തുകയും ഇഷ്ടം പോലെ സർക്കാരിനു ഉപയോഗിക്കാം. ഇതു തിരിച്ചു ചിട്ടിക്കാരന് കൊടുക്കണമെങ്കിൽ കെ.എസ്.എഫ്.ഇയിൽ നിന്ന് കിഫ്ബിയിൽ എത്തി അവിടെ നിന്ന് സർക്കാർ എടുത്ത വായ്പ തിരിച്ചടയ്ക്കണം. ഇതിന് എന്ത് ഗാരണ്ടി?
ഇതിലും ഗൗരവപ്പെട്ട ഒരു കാര്യമുണ്ട്. ചിട്ടി പിടിക്കുമ്പോൾ കൂടുതലായി ലഭിക്കുന്ന തുകക്ക് പ്രവാസിക്ക് എൻ.ആർ.ഐ ആനുകൂല്യം ടാക്‌സ് ഇനത്തിൽ ലഭിക്കില്ല. അതായത് അധിക തുകക്ക് 33 ശതമാനം ഇൻകം ടാക്‌സ് നൽകണം. അതുകൊണ്ട് തന്നെ ചിട്ടിയിൽ ചേരുന്നതിനു മുമ്പ് അതിന്റെ നിയമാവലികളിലൂടെ ശ്രദ്ധാപൂർവം കടന്നു പോവുക. സംശയമുണ്ടെങ്കിൽ സാമ്പത്തിക വിദഗ്ധരോടോ നാട്ടിൽ കെ.എസ്.എഫ്.ഇ ചിട്ടിയിൽ ചേർന്നിട്ടുള്ളവരോടോ അന്വേഷിക്കുക. പ്രവാസി ചിട്ടിയെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാരിനോട് ഒരു ചോദ്യം ചോദിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ചോദ്യം ഇതാണ്. ഒരു ലക്ഷത്തി അൻപതിനായിരം കോടി പ്രതിവർഷ എൻ.ആർ.ഐ നിക്ഷേപം ശരാശരി എത്തുന്ന സംസ്ഥാനത്ത് എന്തുകൊണ്ട് ഒരു പ്രവാസി ബാങ്ക് ആരംഭിച്ചു കൂടാ? സംസ്ഥാന സർക്കാരിന് കടമെടുത്ത് മുടിയുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് ഈ ബാങ്ക് വഴിയുള്ള സഹായമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഗീതാ ഗോപിനാഥെങ്കിലും ഇതു പറഞ്ഞു കൊടുക്കണം.
(റിയാദിൽ ജോലി ചെയ്യുന്ന സാമ്പത്തിക വിദഗ്ധനാണ് ലേഖകൻ)