ഹായില്‍- സൗദി ചെസ് ഫെഡറേഷന്‍ സംഘടിപ്പിച്ച വനിതകള്‍ക്കായുള്ള ഹായില്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്ഥാനത്തെത്തി മലയാളി വിദ്യാര്‍ഥിനി നന്ദന മൂക്കേത്ത് മികച്ച നേട്ടം കരസ്ഥമാക്കി.
തുറൈഫില്‍ സീനിയര്‍ പ്ലാനിംഗ് എന്‍ജിനീയറായി ജോലി ചെയ്യുന്ന ശ്രീജിത്ത് പറയരിക്കിലിന്റെ മൂത്ത മകളാണ് പത്തു വയസ്സുകാരി നന്ദന. മലപ്പുറം ജില്ലയിലെ പന്താവൂരാണ് സ്വദേശം.
നാട്ടില്‍ പൊന്നാനി ഭാരതീയ വിദ്യാഭവന്‍ വികാസ് വിദ്യാലയത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന നന്ദന അമ്മ സുജയോടൊപ്പം വിസിറ്റിംഗ് വിസയില്‍ എത്തിയതായിരുന്നു. അനുജന്‍ പ്രണവ് എല്‍.കെ.ജി വിദ്യാര്‍ഥിയാണ്.
അണ്ടര്‍ 13 കേരള ചാമ്പ്യനായ മകള്‍ക്ക് മത്സരത്തിനുള്ള പുതിയ അവസരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഹായില്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് ശ്രദ്ധയില്‍പെട്ടതെന്ന് ശ്രീജിത്ത് പറഞ്ഞു. രജിസ്‌ട്രേഷന്‍ അവസാനഘട്ടത്തിലെത്തിയിട്ടും സൗദി ചെസ് ഫെഡറേഷന്‍ വനിതാ എക്‌സിക്യൂട്ടീവ് വഅദ് അലവി അല്‍അത്താസ് പ്രത്യേകം താല്‍പര്യം കാണിച്ചതിനാലാണ് പങ്കെടുക്കാനായതെന്നും ശ്രീജിത്ത് പറഞ്ഞു. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥി ആയിരുന്നു നന്ദന.
തുറൈഫില്‍നിന്ന് 800 കി.മീ യാത്ര ചെയ്താണ് ഹായിലില്‍ എത്തി 12, 13 തീയതികളില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.മത്സരത്തില്‍ പങ്കെടുത്ത ഏക ഇന്ത്യക്കാരിയാണ് നന്ദന.