പട്ടികജാതി പട്ടികവർഗം, മുതിർന്ന പൗരന്മാർ, കർഷകർ, വനിതകൾ തുടങ്ങി അധഃസ്ഥിത ജനവിഭാഗങ്ങൾക്കു വേണ്ടി നിരവധി പ്രഖ്യാപനങ്ങൾ കൊണ്ട് ഊതിവീർപ്പിക്കപ്പെട്ട ഒന്നാണ് നരേന്ദ്ര മോഡി സർക്കാരിന്റെ അടുത്ത പൊതു തെരഞ്ഞെടുപ്പിനു മുമ്പുള്ള അവസാന ബജറ്റ്.
നിലവിലുള്ളതും നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടതും പരാജയപ്പെട്ടതുമായ പദ്ധതികൾക്കും പരിപാടികൾക്കും കൂടുതൽ തുക വകയിരുത്തുമെന്നും പ്രഖ്യാപനമുണ്ട്. അത്തരം പ്രഖ്യാപനങ്ങൾ ബജറ്റിൽ അസാധാരണമല്ല. അതാണ് എത് ബജറ്റിന്റെയും ജനകീയ മുഖം. എന്നാൽ ഏത് ബജറ്റും വിലയിരുത്തപ്പെടുന്നത് അത് പ്രഖ്യാപിക്കുന്ന സർക്കാരിന്റെ വരവുചെലവ് കണക്കുകളിലാണ്. അത് ഉൾക്കൊള്ളുന്ന രണ്ടാം ഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തൽ അരുൺ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിന്റെ പൊള്ളത്തരങ്ങളാണ് തുറന്നുകാട്ടുന്നത്. ബജറ്റിന് മുന്നോടിയായി സർക്കാർ പുറത്തുവിട്ട സാമ്പത്തിക സർവേ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ യഥാർഥ ചിത്രം വരച്ചുകാട്ടുന്നുണ്ട്.
നരേന്ദ്ര മോഡിയും പ്രഭൃതികളും തുടർന്നുവരുന്ന വാചാടോപത്തിനപ്പുറം രാജ്യത്തിന്റെ സാമ്പത്തിക നില ആഴമേറിയ കുഴപ്പത്തിലാണ്. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരിൽ നടപ്പാക്കിയ നോട്ട് അസാധൂകരണം, ചരക്ക് സേവന നികുതി എന്നിവ അതിനെ രൂക്ഷതരമാക്കി. കർഷകരുടെ യഥാർഥ വരുമാനത്തിൽ പുരോഗതി കൈവരിക്കാൻ നാലു വർഷത്തെ മോഡി ഭരണത്തിൽ കഴിഞ്ഞില്ല. അത് തികഞ്ഞ സ്തംഭനാവസ്ഥയിലാണ്. വ്യാവസായിക ഉൽപാദനം കുത്തനെ തകർന്നു. പ്രസ്താവനകൾക്കും കള്ളക്കണക്കുകൾക്കും അപ്പുറം ദേശീയ വരുമാനം കൂപ്പുകുത്തി.
തൊഴിലില്ലായ്മ, വിശേഷിച്ചും യുവജനങ്ങൾക്കിടയിൽ, സർവകാല റെക്കോർഡ് സ്ഥാപിച്ചിരിക്കുന്നു. സാമാന്യ ജനങ്ങളുടെ നികുതി ഭാരം കുത്തനെ ഉയർത്തിയിട്ടും നികുതി വരുമാനത്തിൽ ശ്രദ്ധേയമായ യാതൊരു നേട്ടവും രേഖപ്പെടുത്താനായില്ല. എന്നാൽ നികുതി, തീരുവ ഇളവുകളും കിട്ടാക്കടം എഴുതിത്തള്ളലുമടക്കം കോർപറേറ്റ്, അതിസമ്പന്ന പ്രീണനം നിർബാധം തുടരുന്നു. ഈ പശ്ചാത്തലത്തിലാവണം ഇക്കൊല്ലത്തെ യൂണിയൻ ബജറ്റ് വിലയിരുത്തപ്പെടേണ്ടത്.
രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന കർഷകരുടെയും ഗ്രാമീണ ജനതയുടെയും നിലനിൽപിന്റെ അസ്ഥിവാരം കാർഷിക മേഖലയാണ്. കാർഷികോൽപന്നങ്ങളുടെ മിനിമം താങ്ങുവില സ്വാമിനാഥൻ കമ്മീഷന്റെ നിർദേശാനുസരണം മൊത്തം കാർഷിക ചെലവും അതിന്റെ 50 ശതമാനം അധികവും കൂട്ടി നിശ്ചയിക്കുമെന്ന് മോഡിയും ബിജെപിയും തെരഞ്ഞെടുപ്പു കാലത്ത് ആവർത്തിച്ചു പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നാലു വർഷത്തെ ഭരണത്തിനിടയിൽ ആ ദിശയിൽ ചെറുവിരൽ അനക്കുന്നതിൽ പോലും അവർ ദയനീയ പരാജയമായിരുന്നു.
ഇപ്പോൾ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത് 2022 ൽ കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്നാണ്. ഇതുസംബന്ധിച്ച് അശോക് ദൽവായ് കമ്മിറ്റി നിർദേശിച്ചിരുന്നത് ആ ലക്ഷ്യപ്രാപ്തിക്ക് 6.4 ലക്ഷം കോടി രൂപ നിക്ഷേപം വേണ്ടിവരുമെന്നാണ്. എന്നാൽ ഇക്കൊല്ലത്തെ ബജറ്റിൽ കാർഷിക മേഖലയ്ക്ക് വകയിരുത്തിയിരിക്കുന്ന തുകയിലെ വർധന കേവലം 4845 കോടി രൂപ മാത്രമാണ്. അത് നൽകുന്ന സൂചന കർഷക വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം സമീപ ഭാവിയിലൊന്നും സാക്ഷാൽക്കരിക്കാവുന്ന സ്വപ്‌നം അല്ലെന്നു തന്നെയാണ്. വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ ഉറപ്പു വരുത്തുന്ന നിരവധി പ്രഖ്യാപനങ്ങൾ ബജറ്റ് പ്രസംഗത്തിൽ വിവരിക്കുന്നുണ്ട്. അവിടെയും ആ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ വിഭവ ശേഷി വകയിരുത്തുന്നതിനോ കൃത്യമായ ഒരു കർമ പദ്ധതി മുൻവെയ്ക്കുവാനോ ബജറ്റിന് കഴിഞ്ഞിട്ടില്ല. ഉദാഹരണത്തിന് 'ബ്ലാക്ക് ബോർഡി'ന് പകരം
'ഡിജിറ്റൽ ബോർഡെ'ന്ന സങ്കൽപം മാത്രം പരിശോധിക്കുക. ദേശീയ വിദ്യാഭ്യാസ ദൗത്യത്തിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് 31,212 കോടി രൂപയാണ്. മുൻവർഷത്തേക്കാൾ കേവലം 3000 കോടി രൂപയുടെ മാത്രം വർധന. സ്‌കൂൾ പ്രായത്തിലുള്ള ദശലക്ഷക്കണക്കിന് കുട്ടികൾ സ്‌കൂളിന് പുറത്തു നിൽക്കേയാണ് ഇതെന്ന് പ്രത്യേകം ഓർക്കുക. രാജ്യത്തെ 38 ശതമാനം സ്‌കൂളുകളിലും നാമമാത്ര വൈദ്യുതി ബന്ധം പോലുമില്ലാത്തിടത്താണ് ജയ്റ്റ്‌ലി ഡിജിറ്റൽ ബോർഡിനെപ്പറ്റി വീമ്പിളക്കുന്നത്.
ജയ്റ്റ്‌ലിയുടെ ബജറ്റ് ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പരിപാടിയെപ്പറ്റിയും മേനി പറയുന്നു. രാജ്യത്തെ ദരിദ്ര കുടുംബങ്ങളിൽപെട്ട അമ്പതു കോടി പാവങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ആരോഗ്യ ചികിത്സാ പരിരക്ഷയ്ക്കായി നൽകുമെന്നാണ് വാഗ്ദാനം. വിദേശ ബാങ്ക് നിക്ഷേപങ്ങളിലുള്ള കരിംപണം തിരികെ കൊണ്ടുവന്ന് ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പിന്തുടർച്ചയായിരിക്കും ഇതെന്ന് ആർക്കും സംശയം വേണ്ട. കഴിഞ്ഞ വർഷത്തെ ബജറ്റിൽ ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി വഴി ഒരു ലക്ഷം രൂപ വീതമാണ് ഒരു കുടുംബത്തിന് ചികിത്സാ സഹായമായി പ്രഖ്യാപച്ചിരുന്നത്. ആ പദ്ധതിക്ക് അന്തിമ രൂപം നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് രണ്ട് മാസങ്ങൾക്ക് മുമ്പാണ് സർക്കാർ പാർലമെന്റിനെ അറിയിച്ചത്. അത്യന്തം കരുതൽ അർഹിക്കുന്ന കുഞ്ഞുങ്ങൾ പോലും ഈയാംപാറ്റ കണക്കെ ചത്തൊടുങ്ങുന്ന മെഡിക്കൽ കോളേജുകളും സർക്കാർ ആശുപത്രികളുമുള്ള രാജ്യത്താണ് ധനമന്ത്രി ആവശ്യമായ ബജറ്റ് വകയിരുത്തൽ പോലുമില്ലാതെ വിടുവായത്തം വിളമ്പുന്നത്. ഇത് ആർക്കെങ്കിലും പ്രതീക്ഷ നൽകുന്നെങ്കിൽ അത് ആരോഗ്യ ചികിത്സാ ഇൻഷുറൻസ് രംഗത്തെ സ്വകാര്യ കുത്തകകൾക്കും ചികിത്സ വൻ കച്ചവടമാക്കിയ കോർപറേറ്റുകൾക്കും മാത്രമാണ്. പൊതു തെരഞ്ഞെടുപ്പു മാത്രം ലക്ഷ്യമാക്കി മോഡി സർക്കാർ ബജറ്റിന്റെ പേരിൽ ജനങ്ങളെ വഞ്ചിക്കുകയാണ്. ഈ ബജറ്റ് ജനങ്ങൾക്ക് നൽകുന്നത് വട്ടപ്പൂജ്യവും കോർപറേറ്റുകൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് രാഷ്ട്ര സമ്പത്തുമാണ്.