ജിദ്ദ - വേൾഡ് യൂത്ത് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് ജിദ്ദയിൽ തിരശ്ശീലവീണു. ഈ മാസം അഞ്ചു മുതൽ പന്ത്രണ്ടു വരെയാണ് 17 വയസിന് താഴെയുള്ളവർക്കുള്ള വേൾഡ് യൂത്ത് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് ജിദ്ദ വേദിയായത്. സമാപന ചടങ്ങിൽ വിജയികൾക്കുള്ള മെഡലുകൾ സ്‌പോർട്‌സ് മന്ത്രിയും സൗദി അറേബ്യൻ ഒളിംപിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ രാജകുമാരൻ വിതരണം ചെയ്തു. സൗദി അറേബ്യൻ ഒളിംപിക് കമ്മിറ്റി ഡെപ്യൂട്ടി പ്രസിഡന്റ് ഫഹദ് ബിൻ ജലവി ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, ഡെപ്യൂട്ടി സ്‌പോർട്‌സ് മന്ത്രി ബദ്ർ അൽഖാദി എന്നിവർ സമാപന ചടങ്ങിൽ സംബന്ധിച്ചു.
വനിതകൾക്കുള്ള 81 കിലോഗ്രാം വിഭാഗത്തിൽ വ്യത്യസ്ത ഇനങ്ങളിൽ കസാക്കിസ്ഥാൻ താരം റുവീന ഷാക്കിറോവ മൂന്നു സ്വർണ മെഡലുകൾ നേടി. തുർക്കി താരം ഫാതിമ കയോക് ആണ് രണ്ടാം സ്ഥാനം നേടിയത്. ചാമ്പ്യൻഷിപ്പിൽ മൊത്തത്തിലുള്ള റാങ്കിംഗിൽ സൗദി ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനം റഷ്യക്കും രണ്ടാം സ്ഥാനം അമേരിക്കക്കുമാണ്. വനിതാ താരങ്ങളുടെ മത്സരത്തിൽ അമേരിക്ക ഒന്നാം സ്ഥാനവും റഷ്യ രണ്ടാം സ്ഥാനവും ഇറാൻ മൂന്നാം സ്ഥാനവും നേടി. 102 ഉം അതിൽ കൂടുതലുമുള്ള കിലോഗ്രാം വിഭാഗത്തിൽ റഷ്യൻ താരം ഇസ്‌ലാംബെക് ബലേവ് വ്യത്യസ്ത ഇനങ്ങളിൽ മൂന്നു സ്വർണ മെഡലുകൾ നേടി. റഷ്യൻ താരമായ ഇവാൻ രണ്ടാം സ്ഥാനത്തെത്തി. ഇറാൻ താരം അമീർ രിദക്കാണ് വെങ്കലം.