തിരുവനന്തപുരം- സോളാർ കേസിൽ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സരിതയുടെ പരാതി. വിജിലൻസ് അന്വേഷണം നടത്തുന്നതിന് മുൻകൂർ അനുമതിക്കായി ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് ആര്യാടൻ മുഹമ്മദ് സരിതയിൽ നിന്നും 40 ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. എന്നാൽ താൻ ആരോടും പണം വാങ്ങിയിട്ടില്ലെന്നും ആർക്കും വഴിവിട്ട സഹായം നൽകിയില്ലെന്നും ആര്യാടൻ മുഹമ്മദ് പ്രതികരിച്ചു. ഒരു അന്വേഷണത്തെയും ഭയക്കുന്നില്ലെന്നും ആര്യാടൻ വ്യ്ക്തമാക്കി.