Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം ഏഴര ശതമാനം കുറഞ്ഞു

റിയാദ് - സൗദിയിൽ ഒരു വർഷത്തിനിടെ ഗാർഹിക തൊഴിലാളികളുടെ എണ്ണം ഏഴര ശതമാനം കുറഞ്ഞു. തുടർച്ചയായി അഞ്ചു വർഷം വർധിച്ച ശേഷമാണ് ഈ കൊല്ലം വേലക്കാരുടെ എണ്ണം കുറഞ്ഞത്. റിക്രൂട്ട്‌മെന്റ് നിരക്കുകൾ വലിയ തോതിൽ വർധിച്ചതും റിക്രൂട്ട്‌മെന്റ് കുറഞ്ഞതുമാണ് ഗാർഹിക തൊഴിലാളികളുടെ എണ്ണം കുറയാൻ ഇടയാക്കിയത്. ഈ വർഷം രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം രാജ്യത്ത് 34,46,667 ഗാർഹിക തൊഴിലാളികളാണുള്ളത്. കഴിഞ്ഞ വർഷം രണ്ടാം പാദാവസാനം ഗാർഹിക തൊഴിലാളികൾ 37,04,641 ആയിരുന്നു. ഒരു വർഷത്തിനിടെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 2,57,974 പേരുടെ കുറവ് രേഖപ്പെടുത്തി. 
ഈ വർഷാദ്യം മുതൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നിരക്കുകൾ 50 ശതമാനം വരെ വർധിച്ചിട്ടുണ്ട്. സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏതാനും രാജ്യങ്ങളിൽ നിലനിൽക്കുന്ന യാത്രാ വിലക്കും മറ്റു രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് നിരക്കുകൾ വർധിക്കാൻ ഇടയാക്കി. പുതിയ വിസകളിൽ വിദേശങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യുന്നവർക്ക് ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനും കൊറോണ പരിശോധനയും നിർബന്ധമാക്കിയതും റിക്രൂട്ട്‌മെന്റ് നിരക്കുകൾ ഉയരാൻ ഇടയാക്കി. കൊറോണ വ്യാപനം നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ച് വിമാന സർവീസുകൾ നിർത്തിവെച്ചതിനാൽ സ്വദേശങ്ങളിലേക്ക് പോകാൻ സാധിക്കാതിരുന്ന നിരവധി ഗാർഹിക തൊഴിലാളികൾ രാജ്യം വിട്ടതും ഗാർഹിക തൊഴിലാളികളുടെ എണ്ണം കുറയാൻ ഇടയാക്കി.
 

Latest News