Sorry, you need to enable JavaScript to visit this website.

മലയാളത്തിന്റെ മഹാനടൻ ഓർമ്മയായി. നെടുമുടി വേണുവിന് കേരളം കണ്ണീരോടെ വിട ചൊല്ലി

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ ഓർമ്മയായി. നെടുമുടി വേണുവിന് കേരളം കണ്ണീരോടെ വിട ചൊല്ലി. തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. കനത്ത മഴയെ അവഗണിച്ചും സിനിമാ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിരവധിപേർ നെടുമുടി വേണുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ തലസ്ഥാനത്തെത്തിയിരുന്നു.. രാവിലെ അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനുവച്ച മൃതദേഹം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശാന്തികവാടത്തിലേക്ക് കൊണ്ടുപോയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ എം ബി രാജേഷ്, മന്ത്രിമാരായ വി ശിവൻകുട്ടി, സജി ചെറിയാൻ, അഹമ്മദ് ദേവർകോവിൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, നടൻ വിനീത്, മണിയൻപിള്ള രാജു, മധുപാൽ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയ ഒട്ടേറെ പേർ മൃതദേഹത്തെ അനുഗമിച്ച് അയ്യങ്കാളി ഹാളിലെത്തിയിരുന്നു. സാംസ്‌കാരിക നേതാക്കൾ, നാടക പ്രവർത്തകർ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.

വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുന്നൻപാറയിലെ നെടുമുടിയുടെ വസതിയായ 'തമ്പിൽ' ഇന്നലെ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സിനിമാ സാംസ്‌കാരിക മേഖലയിലെ നിരവധിപേരെത്തി. മമ്മൂട്ടിയും മോഹൻലാലും നെടുമുടി വേണുവിന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
 

Latest News