- സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്യും
റിയാദ് - ഇന്ത്യ അതിഥി രാജ്യമായി പങ്കെടുക്കുന്ന 32 ാമത് ജനാദ്രിയ ഫെസ്റ്റിവൽ ബുധനാഴ്ച തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്യുമെന്ന് നാഷണൽ ഗാർഡ് മന്ത്രിയും നാഷണൽ ഹെറിറ്റേജ് ആൻഡ് കൾച്ചറൽ സുപ്രീം കൗൺസിൽ ചെയർമാനുമായ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് രാജകുമാരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാഷണൽ ഗാർഡ് മന്ത്രാലയത്തിൽ ഉച്ചക്ക് നടന്ന വാർത്താസമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ജനറൽ വി.കെ സിംഗ്, ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് എന്നിവർ സംബന്ധിച്ചു.
ജനാദ്രിയ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഒട്ടകയോട്ട മത്സരവും കലാപരിപാടികളും രാജാവ് ഉദ്ഘാടനം ചെയ്യും. അന്ന് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ഇക്കാലമത്രയും ജനാദ്രിയ ആഘോഷത്തിന് രണ്ടാഴ്ചയാണ് സമയം അനുവദിച്ചിരുന്നതെങ്കിലും രാജാവിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഈ വർഷം 18 ദിവസത്തേക്ക് നീട്ടിയിരിക്കുന്നത്. ഈ മാസം ഏഴ് മുതൽ 18 ദിവസമാണ് ആഘോഷം നടക്കുക. രാജ്യത്തിന്റെ ഏറ്റവും വലിയ പൈതൃകോത്സവമായി ഗണിക്കപ്പെടുന്ന ആഘോഷത്തതിന് കൂടുതൽ ദിവസം അനുവദിക്കണമെന്ന് സ്വദേശികൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാഴ്ച അനുവദിച്ചിരിക്കുന്നത്.
സൗദി അറേബ്യയുടെ സംസ്‌കാരവും പൈതൃകവും പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന മേള രാജ്യത്തെ പൗരന്മാർക്കിടയിൽ പരസ്പര ബന്ധവും ഐക്യവും ഊട്ടിയുറപ്പിക്കും. ഈ വർഷത്തെ കിംഗ് അബ്ദുൽ അസീസ് അവാർഡ് സൗദ് അൽഫൈസൽ രാജകുമാരൻ, തുർക്കി അൽസുദൈരി, ഡോ. ഖൈരിയ അസ്സഖാഫ് എന്നിവർക്ക് നൽകും. അവരുടെ രാഷ്ട്രസേവനത്തെ മുൻനിർത്തിയാണ് അവാർഡ് നൽകുന്നത്.
ഉത്സവ നഗരിയിലേക്ക് എല്ലാവർക്കും എത്തുന്നതിന് സുഗമമായ സമയമാണ് ഇക്കുറി ക്രമീകരിച്ചിരിക്കുന്നത്. കാലത്ത് 11 മുതൽ രാത്രി 11 വരെയാണ് സമയം. വൈവിധ്യമായ സാംസ്‌കാരിക, മാനുഷിക, പൈതൃക അടിത്തറയുള്ള ഇന്ത്യയാണ് ഈ വർഷം അതിഥിയായെത്തുന്നതെന്നും മന്ത്രി അൽഅയ്യാഫ് പറഞ്ഞു.
ജനാദ്രിയ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഇന്ത്യയെ ക്ഷണിച്ചതിന് മന്ത്രി വി.കെ സിംഗ് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും പ്രത്യേകം നന്ദി പറഞ്ഞു.
സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ സാംസ്‌കാരിക, തന്ത്രപ്രധാന മേഖലകളിൽ ഊഷ്മള ബന്ധമുണ്ട്. ഈ പൈതൃകോത്സവത്തിൽ ഇന്ത്യയുടെ പങ്കാളിത്തം ഇന്ത്യ-സൗദി അറേബ്യൻ ബന്ധത്തിലെ പുതിയ അധ്യായമായിരിക്കും.
നാഷണൽ ഗാർഡ് സഹമന്ത്രി അബ്ദുൽ മുഹ്‌സിൻ ബിൻ അബ്ദുൽ അസീസ് അൽതുവൈജരിയും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.