കോഴിക്കോട്: കനത്ത മഴ ജില്ലയിലെ പല മേഖലയിലും വലിയ നാശം വിതച്ചു. നഗരത്തിലെ റോഡുകൾ പൂർണമായും വെള്ളത്തിലായി. . മാവൂർ റോഡിൽ വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം സ്തംഭിച്ചു. മാവൂരിൽ മണ്ണിടിച്ചിലുണ്ടായി. ചിന്താവളപ്പിൽ മതിലിടിഞ്ഞു. ബീച്ച് റോഡും മൂന്നാലിങ്കൽ ഭാഗത്തും വലിയ വെള്ളക്കെട്ടാണുള്ളത്. മുണ്ടിക്കൽ താഴവും തടമ്പാട്ട് താഴവുമെല്ലാം വെള്ളത്തിനടിയിലായി. വെളൡപറമ്പും വെള്ളത്തിനടിയിലാണ്.
മാവൂർ ചാത്തമംഗലം ഭാഗത്താണ് വ്യാപകമായ മണ്ണിടിച്ചൽ ഉണ്ടായിട്ടുള്ളത്. ചാത്തമംഗലം സൗത്ത് അരയങ്കോട്ട് വീടിന്റെ മതിലിടിഞ്ഞ് ഒരു ഓട്ടോയും രണ്ട് ഇരുചക്ര വാഹനങ്ങളും തകർന്നു. പനങ്ങോട് വീടിന്റെ സംരക്ഷണ ഭിത്തി തകർന്ന് വീണു. മാവൂർ മേച്ചേരി കുന്നിൽ വീടിന് സമീപത്തേക്ക് 20 മീറ്റർ വീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായി.
കൂടരഞ്ഞി കൂമ്പാറ ആനക്കല്ലും പാറയിൽ ചെറിയ തോതിൽ മല വെള്ളപ്പാച്ചിൽ ഉണ്ടായി. കൂമ്പാറ പുഴയിലൂടെ മലയോരത്ത് നിന്ന് കല്ലും മണ്ണും ഒലിച്ച് വന്നത് ആളുകളെ ഭീതിയിലാക്കി. നിരവധി ക്വാറികളുള്ള പ്രദേശമാണിത്. മൂന്ന് വർഷം മുമ്പ് ഉരുൾ പൊട്ടലും ഉണ്ടായത് ഇതിന് അടുത്താണ്. ക്വാറികൾ ഏറെയുള്ളത് കൊണ്ട് തന്നെ വലിയ ആശങ്കയിലാണ് ജനങ്ങൾ.
കൊയിലാണ്ടിയിലും ബാലുശ്ശേരിയിലും കനത്ത മഴയുണ്ടായിരുന്നുവെങ്കിലും ഇപ്പോൽ ശക്തി കുറഞ്ഞിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയിലെ ഏഴ് കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ തീരുമാനം ആയിട്ടുണ്ട്. വീയൂരുള്ള കുടംബങ്ങളെയാണ് മാറ്റി പാർപ്പിക്കുക. വളയം, കാവിലുംപാറ, കൂരാച്ചുണ്ട് മേഖലയിലും ശക്തമായ മഴയുണ്ടെങ്കിലും കാര്യമായ നാശ നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.