Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സി പി എം കേരള ഘടകത്തിന്റെ നിലപാടുകൾ ദേശീയ നേതൃത്വം തഴയുന്നു


കോഴിക്കോട് : രാജ്യത്ത് സി.പി.എം ഭരിക്കുന്ന ഏക സംസ്ഥാനം കേരളമാണെങ്കിലും പാർട്ടി ദേശീയ നേതൃത്വം കേരളഘടകത്തിന്റെ നിലപാടുകളെ തുടർച്ചയായി തഴയുന്നു. ദേശീയ തലത്തിൽ കോൺഗ്രസുമായി യാതൊരു കൂട്ടുകെട്ടും പാടില്ലെന്ന കേരളഘടകത്തിന്റെ നിലപാട് പൂർണ്ണമായും തള്ളിക്കളയുന്ന സമീപനമാണ് കഴിഞ്ഞ ദിവസം ചേർന്ന നിർണ്ണായക പോളിറ്റ് ബ്യൂറോ യോഗത്തിലും സി.പി.എം നേതൃത്വം കൈക്കൊണ്ടത്. പകരം പാർട്ടി നാമാവശേഷമായി കഴിഞ്ഞ ബംഗാളിന്റെ നിലപാടുകൾക്കാണ് ദേശീയ നേതൃത്വം പ്രാധാന്യം കൊടുക്കുന്നത്. ഇത് കേരളത്തിലെ നേതാക്കൾക്കിടയിൽ വലിയ തോതിലുള്ള അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയാണ് വേണ്ടതെന്ന ശക്തമായ അഭിപ്രായവും പാർട്ടി കേരള ഘടകം ഉന്നയിക്കുന്നുണ്ട്.

അടുത്ത വർഷം കണ്ണൂരിൽ നടക്കുന്ന 23ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന് കരട് രൂപം നൽകാനുള്ള പോളിറ്റ് ബ്യൂറോ യോഗമാണ് കോൺഗ്രസ് സഖ്യം സംബന്ധിച്ച കേരള ഘടകത്തിന്റെ നിലപാടുകൾ തള്ളിയത്. 2024 ൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ അതിനു മുൻപുള്ള അവസാനത്തെ പാർട്ടി കോൺഗ്രസാണ് അടുത്ത വർഷം നടക്കുന്നത്. അതുകൊണ്ട് തന്നെ പാർട്ടി കോൺഗ്രസിൽ എടുക്കുന്ന നിലപാടുകൾക്ക് വലിയ പ്രാധാന്യമുണ്ട്.

ബി.ജെ.പിയാണ് മുഖ്യ ശത്രുവെന്ന പ്രഖ്യാപിത നിലപാടിനോട് സി.പി.എം കേരള ഘടകത്തിന് പൂർണ്ണ യോജിപ്പാണുള്ളതെങ്കിലും ദേശീയ തലത്തിൽ കോൺഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കുന്നതിനോട് യോജിപ്പില്ല. കേരളത്തിൽ കോൺഗ്രസും അവർ നേതൃത്വം നൽകുന്ന യു.ഡി.എഫുമാണ് മുഖ്യ എതിരാളി എന്നതുകൊണ്ട് തന്നെ ദേശീയ തലത്തിൽ കോൺഗ്രസുമായി യോജിക്കുന്നത് പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ സി.പി.എമ്മിന് വലിയ ദോഷം ചെയ്യുമെന്നാണ് പാർട്ടി കേരള നേതാക്കളുടെ നിലപാട്. മുൻ തെരഞ്ഞെടുപ്പിൽ ഇത് വളരെ പ്രകടമാകുകയും ചെയ്തിരുന്നു. ജനാധിപത്യ ചേരിയിലുള്ള പ്രാദേശിക പാർട്ടികളുമായാണ് ദേശീയ തലത്തിൽ സഖ്യമുണ്ടാക്കേണ്ടതെന്നാണ് കേരള ഘടകത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇതിനു വേണ്ടി കേരളത്തിൽ നിന്നുള്ള നേതാക്കൾ ശക്തമായി ആവശ്യപ്പെട്ടുവെന്നാണ് സൂചന. എന്നാൽ അത് അംഗീകരിക്കപ്പെട്ടില്ല. ആവശ്യമെങ്കിൽ കേന്ദ്ര കമ്മറ്റി യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ച നടത്താമെന്ന തീരുമാനമാണ് പാർട്ടി കൈക്കൊണ്ടത്.

 പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ബംഗാൾ ഘടകത്തിന് അനുകൂലമായ നിലപാടാണ് മിക്കപ്പോഴും കൈക്കൊള്ളാറുള്ളത്. അത് തന്നെയാണ് അവരുടെ നിലപാടുകൾക്ക് പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മറ്റിയിലും പ്രാമുഖ്യം ലഭിക്കുന്നതിനുള്ള കാരണവും. കോൺഗ്രസുമായി സഖ്യം വേണമെന്നാണ് ബംഗാൾ ഘടകത്തിന്റെ  ഉറച്ച തീരുമാനം. കഴിഞ്ഞ ബംഗാൾ നിയമസഭാ തെരഞ്ഞടുപ്പിലും  കോൺഗ്രസുമായി ചേർന്നാണ് സി.പി.എം മത്സരിച്ചത്.  ബംഗാളിൽ ആകെ തകർന്നു കിടക്കുന്ന സി.പി.എമ്മിന് ഇനി ഒരു ഉയർത്തെഴുന്നേൽപ്പ് സാധ്യമാകുകയെന്നത് എളുപ്പമല്ല.  അതുകൊണ്ട് തന്നെയാണ് കോൺഗ്രസ് സഖ്യത്തിലൂടെ ദേശീയ തലത്തിൽ  എന്തെങ്കിലും നേട്ടമുണ്ടാക്കാൻ  കഴിയുമോയെന്ന് അവർ കിണഞ്ഞ് ശ്രമിക്കുന്നത്.

ബംഗാൾ ഘടകത്തിന്റെ തീരുമാനത്തിനെതിരെ പാർട്ടിയുടെ വളർച്ചയുമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേരള ഘടകം പ്രതിരോധം തീർക്കുന്നത്. പാർട്ടിയുടെ സ്വതന്ത്ര വളർച്ച വിലയിരുത്താൻ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസുമായുള്ള സഖ്യം ഗുണകരമായോ എന്ന പരിശോധന വേണമെന്നാണ് കേരള ഘടകം വാദിക്കുന്നത്. അത്തരമൊരു പരിശോധന നടന്നാൽ കോൺഗ്രസ് സഖ്യം എന്ന ആശയത്തിൽനിന്ന് പാർട്ടി ദേശീയ നേതൃത്വം മാറി ചിന്തിച്ചേക്കാനിടയുണ്ടെന്നും കേരളത്തിലെ നേതാക്കൾ കണക്കു കൂട്ടുന്നുണ്ട്.
ദേശീയ രാഷ്ട്രീയത്തിൽ കേരളത്തിന് വലിയ പ്രാധാന്യമില്ലെന്നതാണ് കേരള ഘടകത്തിന്റെ ആവശ്യങ്ങൾ തഴയാൻ പാർട്ടിയെ പ്രേരിപ്പിക്കുന്നത്.  ബംഗാളിലും ത്രിപുരയിലും അധികാരത്തിന് പുറത്താണെങ്കിലും പാർട്ടിയുടെ ദേശീയ കാഴ്ചപ്പാടിനെ നിയന്ത്രിക്കുന്നത് അവിടത്തെ നേതാക്കളാണ്. കൂടുതൽ ചർച്ചയ്ക്ക് പോലും തയ്യാറാകാതെ ബംഗാൾ ഘടകത്തിന്റെ താൽപര്യങ്ങൾ മാത്രം കണക്കിലെടുത്ത് നയപരമായ തീരുമാനങ്ങൾ പാർട്ടി കൈക്കൊള്ളുകയാണ് ചെയ്യുന്നതെന്ന പരാതി കേരള ഘടകം നേരത്തെ തന്നെ ഉന്നയിക്കുന്നുണ്ട്. ഇന്ത്യയുടെ 75 ാം സ്വാതന്ത്ര്യ ദിനം ചരിത്രത്തിൽ ആദ്യമായി പാർട്ടി ഓഫീസുകളിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് ആഘോഷിക്കാൻ പാർട്ടി തീരുമാനമെടുത്തത് ബംഗാൾ ഘടകത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ്. കാര്യമായ ചർച്ചയൊന്നും നടത്താതെ എടുത്ത തീരുമാനം കേരളത്തിലെ പാർട്ടിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പാർട്ടി കോൺഗ്രസിന്റെ മുന്നോടിയായി നടന്നുകൊണ്ടിരിക്കുന്ന കീഴ് ഘടകങ്ങളുടെ  സമ്മേളനങ്ങളിൽ ഈ വിഷയം വലിയ ചർച്ചകൾക്ക് വിധേയമാകുന്നുണ്ട്. സംസ്ഥാന സമ്മേളനത്തിലും ഇത് കാര്യമായി തന്നെ ചർച്ചയ്ക്ക് വരുമെന്ന കാര്യം ഉറപ്പാണ്. 

വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഓരോ സംസ്ഥാനത്തിനും അവിടത്തെ രാഷ്ട്രീയ സാഹപര്യങ്ങൾക്കനുസരിച്ചുള്ള തീരുമാനം കൈക്കൊള്ളാൻ കേന്ദ്ര കമ്മറ്റി തീരുമാനിച്ചാൽ കേരളത്തിൽ ബി.ജെ.പിയെയും കോൺഗ്രസിനെയും ഒരുപോലെ നേരിട്ടുകൊണ്ട് രാഷ്ട്രീയ നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ് കേരളത്തിലെ സി.പി.എം കണക്കു കൂട്ടുന്നത്. പാർട്ടിയെക്കൊണ്ട് അത്തരമൊരു തീരുമാനം എടുപ്പിക്കാനുള്ള ശക്തമായ സമ്മർദ്ദമായിരിക്കും ഇനി കേരള ഘടകത്തിൽ നിന്നുണ്ടാകുക.
=======
 

Latest News