റിയാദ് - ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ഹോട്ടലുകൾ, അപാർട്ട്‌മെന്റുകൾ എന്നിവക്ക് പുറമെ നഗര, ഗ്രാമ മന്ത്രാലയത്തിന്റെ അനുമതിയുള്ള കെട്ടിടങ്ങളും വിദേശത്ത് നിന്നെത്തുന്ന പ്രവാസികൾക്ക് ക്വാറന്റൈൻ ആവശ്യത്തിന് ഉപയോഗിക്കാമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. ഇത്തരം കെട്ടിടങ്ങളിലെ ബാർ കോഡുള്ള ക്വാറന്റൈൻ ബുക്കിംഗ് ബോർഡിംഗ് പാസ് ലഭിക്കുന്ന സമയത്ത് കാണിച്ചുകൊടുത്താൽ സൗദിയിലേക്ക് ടിക്കറ്റ് നൽകാമെന്ന് ഏവിയേഷൻ അതോറിറ്റി എല്ലാ എയർലൈനുകൾക്കും നിർദേശം നൽകി.
നിലവിൽ സൗദിയിൽ താമസ രേഖ (ഇഖാമ)യോ തൊഴിൽ വിസയോ ഉള്ളവർക്ക് മാത്രമാണ് ഈ ആനുകൂല്യം. നഗരസഭയുടെ അനുമതി ലഭിച്ച കെട്ടിടങ്ങളിലാണ് ഇത്തരം ക്വാറന്റൈൻ അനുവദിക്കുക. എന്നാൽ
സന്ദർശന വിസയിലെത്തുന്നവർ ഹോട്ടലുകളിൽ തന്നെ അഞ്ച് ദിവസ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈനിൽ കഴിയണം.
കമ്പനികൾക്കും മറ്റും അവരുടെ താമസ കേന്ദ്രങ്ങളിൽ പ്രത്യേക അനുമതിയോടെ ക്വാറന്റൈൻ സൗകര്യം ഒരുക്കാൻ ഇതുവഴി സാധിക്കും. വൻ തുക നൽകേണ്ട ഹോട്ടൽ ക്വാറന്റൈൻ ഒഴിവായിക്കിട്ടുകയും ചെയ്യും. സൗദിയിലേക്ക് പുറപ്പെടുന്നതിന്റെ 72 മണിക്കൂറിനുള്ളിൽ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രവേശന രജിസ്ട്രേഷനായി സ്ഥാപിച്ച ഖുദൂം പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യൽ, പിസിആർപരിശോധന എന്നിവയെല്ലാം സൗദിയിലെത്തുന്നവർക്ക് നിർബന്ധമാണ്. സൗദി അംഗീകരിച്ച രണ്ടു ഡോസ് വാക്സിനെടുത്ത് ആരോഗ്യമന്ത്രാലയത്തിന്റെ വ്യക്തി വിവര ആപ്ലിക്കേഷനുകളായ തവക്കൽനാ അല്ലെങ്കിൽ സിഹതീ എന്നിവയിൽ ഇമ്മ്യൂൺ സ്റ്റാറ്റസുള്ളവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. ഈ ആപ്ലിക്കേഷനുകളിൽ ഇമ്മ്യുൺ സ്റ്റാറ്റസ് കാണുന്നില്ലെങ്കിൽ നിർബന്ധമായും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബുക്ക് ചെയ്ത് മാത്രമേ സൗദിയിലേക്ക് വരാനാവുകയുള്ളൂ.