തിരുവനന്തപുരം- കഴിഞ്ഞ ദിവസം ശാസ്തമംഗലത്ത് മൂന്നംഗ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ കടുത്ത അന്ധവിശ്വാസത്തിന്റെ അനന്തര ഫലമെന്ന് പോലീസ് നിഗമനം. സമൂഹവുമായും ബന്ധുക്കളുമായും അടുപ്പമില്ലാതെ ഒറ്റപ്പെട്ട് നിരവധി വർഷങ്ങളായി ജീവിക്കുന്ന കുടുംബം രാത്രി വൈകിയുള്ള പൂജകൾക്കും മന്ത്രവാദത്തിനും അടിമകളായിരുന്നെന്നും നിരവധി ആശ്രമങ്ങളുമായും സന്ന്യാസിമാരുമായും ബന്ധപ്പെട്ടിരുന്നെന്നുമാണ് കരുതുന്നത്.
രണ്ട് ദിവസം മുമ്പാണ് റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ സുകുമാരൻ നായർ, ഭാര്യ ആനന്ദവല്ലി, മകൻ സനാതനൻ എന്നിവരെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസിന് ആത്മഹത്യാകുറിപ്പ് എഴുതി തപാലിൽ അയച്ച ശേഷമായിരുന്നു ആത്മഹത്യ. വീട്ടിലേക്ക് എത്താനുള്ള വഴി വിശദമായി കത്തിൽ എഴുതിയിരുന്നു. പുറംലോകവുമായി ബന്ധം ഇല്ലാത്ത കുടുംബം ഭൂരിഭാഗം സമയവും വീട്ടിൽ പൂജകളും പ്രാർഥനകളും നടത്തി കഴിയുകയായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. തമിഴ്‌നാട്ടിലും തിരുവനന്തപുരത്തുമുള്ള ചില ആശ്രമങ്ങളിൽ ഇവർ സ്ഥിരം സന്ദർശകരായിരുന്നുവെന്നും സൂചനയുണ്ട്. രാത്രി 12 മണിയാകുമ്പോൾ വീട്ടിൽനിന്ന് മണിയടിയും ശംഖുനാദവും പ്രാർഥനകളും കേൾക്കാറുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു. മകൻ സന്ന്യാസിയാകുമെന്ന് ഇവരോട് ഏതോ സന്ന്യാസി പറഞ്ഞിരുന്നു. ഇവരുടെ പേരിലുള്ള ചില സ്വത്തുക്കൾ ഏതോ ആശ്രമത്തിന്റെ പേരിൽ എഴുതി നൽകി എന്നും റിപ്പോർട്ട് ഉണ്ട്.
ജനുവരി മുപ്പതിനാണ് തങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് കാണിച്ചു മ്യൂസിയം പോലീസ് സ്‌റ്റേഷനിലേക്ക് ശാസ്തമംഗലം പണിക്കേഴ്‌സ് ലൈനിലെ വനമാലിയിൽനിന്നു സുകുമാരൻ നായർ കത്തയച്ചത്. കത്തു കിട്ടിയതനുസരിച്ച് ഇന്നലെ വൈകിട്ട് ഏഴോടെ പോലീസ് വീട്ടിൽ എത്തിയപ്പോൾ മൂന്നു മുറികളിലായി ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു സുകുമാരൻ നായരും ഭാര്യ ആനന്ദവല്ലിയും മകൻ സനതും. ശവസംസ്‌കാര ചടങ്ങിനുള്ള പണം വീട്ടിൽ ഉണ്ട് എന്നു കത്തിൽ പറഞ്ഞിട്ടുണ്ട്. മരണവിവരം ബന്ധുക്കളെ അറിയിക്കാനായി കിളിമാനൂർ സ്വദേശിയായ ബന്ധുവിന്റെ നമ്പറും കത്തിനൊപ്പം ഉണ്ടായിരുന്നു. വീട്ടിൽ കുറേയധികം ചില്ലറകൾ കൂട്ടിവെച്ചിരുന്നു.