തിരുവനന്തപുരം- മുണ്ട് മുറുക്കിയുടുക്കാൻ കൽപിച്ച ധനമന്ത്രി തോമസ് ഐസക്കും ചികിത്സയുടെ പേരിൽ ഖജനാവിൽനിന്ന് ധൂർത്തടിച്ചെന്ന് ആരോപണം.
കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഉഴിച്ചിൽ, പിഴിച്ചിൽ തുടങ്ങിയവക്കായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ചെലവഴിച്ചത് 1.20 ലക്ഷം രൂപയെന്നു രേഖകൾ വ്യക്തമാക്കുന്നു. ചെലവിൽ 80,000 രൂപയും താമസച്ചെലവായാണ് കാണിച്ചിരിക്കുന്നത്. 14 ദിവസത്തെ ആയുർവേദ ചികിത്സക്കിടെ 14 തോർത്തുകൾ വാങ്ങിയ തിന്റെ തുക പോലും ഐസക് എഴുതിയെടുത്തിട്ടുണ്ട്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചെലവ് വെട്ടിച്ചുരുക്കണമെന്നും ആവർത്തിക്കുന്നതിനിടെയാണ് ധനമന്ത്രിക്കെതിരെയും ആരോപണമുയരുന്നത്. ആരോഗ്യ മന്ത്രിക്കും സ്പീക്കർക്കും പിന്നാലെയാണ് ധനമന്ത്രിയും ചികിത്സാച്ചെലവ് ആരോപണത്തിൽ ഉൾപ്പെട്ടത്. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും സർക്കാർ ചെലവിൽ വില കൂടിയ കണ്ണട വാങ്ങിയതു വിവാദമായിരുന്നു. ശ്രീരാമകൃഷ്ണൻ കണ്ണട വാങ്ങിയ ഇനത്തിൽ പൊതുഖജനാവിൽനിന്നു 49,900 രൂപയാണ് കൈപ്പറ്റിയത്. സ്പീക്കർ എന്ന നിലയിൽ 4.25 ലക്ഷം രൂപ ചികിത്സാ ചെലവായും ശ്രീരാമകൃഷ്ണൻ എഴു തിയെടുത്തു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ 28,000 രൂപ വില വരുന്ന കണ്ണടയാണ് വാങ്ങിയത്.