കാസർകോട്: അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥ നിരീക്ഷണ യന്ത്രം കാണാതായി. സുനാമി, കൊടുങ്കാറ്റ് എന്നിവ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ കേന്ദ്ര ഭൌമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി സ്ഥാപിച്ച യന്ത്രമാണ് മൂന്നു ദിവസം മുമ്പ് കാണാതായത്. യന്ത്രത്തിൽ നിന്നുള്ള ആശയവിനിമയം നിലച്ചതോടെയാണ് യന്ത്രം കാണാതായതായി വ്യക്തമായത്.
യന്ത്രത്തിലെ സെൻസറുകൾ തകരാറിലായെന്നാണ് ആദ്യ പരിശോധനയിൽ വ്യക്തമായത്. പിന്നീടാണ് യത്രം ഒന്നാകെ കാണാനില്ലെന്ന് വ്യക്തമായത്. എന്നാൽ ഇതിനിടെ മലപ്പുറം താനൂരിൽനിന്നുള്ള ഒരാളുടെ ഫേസ്ബുക്ക് പേജിൽ യന്ത്രത്തിന്റെ ദൃശ്യങ്ങൾ വന്നിരുന്നു. കടലിൽനിന്ന് തങ്ങൾക്ക് ഒരു വസ്തു ലഭിച്ചെന്നു ഫോസ്ബുക്ക് വീഡിയോയിൽ പറയുന്നുണ്ട്. മത്സ്യബന്ധനത്തിനിടെ ഇവർ യന്ത്രത്തിന്റെ മുകളിലിരിക്കുന്ന ദൃശ്യമാണിതെന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം നടത്താൻ തീരദേശ പൊലീസിന് കേന്ദ്ര ഭൌമശാസ്ത്ര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.