റിയാദ് - പരിശോധനകൾക്കും ചികിത്സകൾക്കുമായി ആശുപത്രികളിൽ പ്രവേശിക്കുന്ന
രോഗികൾക്ക് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്ന വ്യവസ്ഥ ബാധകമല്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിക്കാതെയും രോഗികൾക്ക് ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും ക്ലിനിക്കുകളിലും പ്രവേശിക്കാവുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദിയിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കാനും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനും ഞായറാഴ്ച രാവിലെ മുതൽ രണ്ടു ഡോസ് വാക്‌സിൻ നിർബന്ധമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആശുപത്രികളിൽ പ്രവേശിക്കുന്ന രോഗികൾക്ക് ഈ വ്യവസ്ഥ ബാധകമല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.