താനൂർ- സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഇ.ജയനെയും പ്രവർത്തകരെയും ആർ.എസ്.എസ് പ്രവർത്തകർ മർദിച്ചു. ഇന്ന് രാത്രി എട്ടോടെ താനൂർ ഒഴൂർ പള്ളിപടിയിൽ വച്ചാണ് ആക്രമണമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ ജയനെയും പ്രവർത്തകരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ വിവേക്, അഭിജിത്ത്, ഷാജി, മണി, മനോജ് എന്നിവർക്കും പരിക്കേറ്റു. അയ്യായയിൽ നടക്കുന്ന സി.പി.എം പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം. ഒഴൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു സംഘടിച്ചെത്തിയ ആർ.എസ്.എസ് പ്രവർത്തകർ ഒഴൂരിലെ ഡിവൈഎഫ്‌ഐ സ്ഥാപിച്ച ബസ് സ്റ്റോപ്പ് അക്രമിക്കുന്നതു ചോദ്യം ചെയ്തതിനാണ് ആക്രമം നടത്തിയതെന്നു സി.പി.എം ആരോപിച്ചു. ഈ സമയത്ത് സ്ഥലത്തെത്തിയ ഇ.ജയനെയും അക്രമിക്കുകയായിരുന്നുവെന്നാണ് സി.പി.എം പറയുന്നത്. അക്രമത്തിൽ പ്രതിഷേധിച്ചു സി.പി.എം പ്രവർത്തകർ തിരൂരിൽ പ്രതിഷേധ പ്രകടനം നടത്തി. നാളെ രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ ഒഴൂർ പഞ്ചായത്തിൽ ഹർത്താലിനു സി.പി.എം ആഹ്വാനം ചെയ്തു. വൈകുന്നേരം നാലിനു താനൂരിൽ പ്രതിഷേധ പ്രകടനവും തുടർന്നു പ്രാദേശിക കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങളും നടക്കും.
ജയനെയും ഡി.വൈ.എഫ്.ഐ പ്രവർത്തകരെയും ആർ.എസ്.എസ് സംഘം ആക്രമിച്ച സംഭവത്തെ സി.പി.എം ജില്ലാ കമ്മിറ്റി അപലപിച്ചു. അയ്യായിൽ പൊതുയോഗ സ്ഥലത്തക്കു പോയ ജയനെ വടിവാളുംദണ്ഡും ഉൾപ്പെടെ മാരകായുധങ്ങളുമായി രാത്രി കാത്തുനിന്നു കരുതിക്കൂട്ടി വധിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് വ്യക്തമാണ്. സമചിത്തത കൈവിടാത്തതുകൊണ്ടും പാർട്ടി പ്രവർത്തകർ ഓടിയെത്തിയതിനാലുമാണ് ജീവൻ രക്ഷിക്കാനായത്. തലക്ക് അടിയേറ്റ ജയനും മർദനമേറ്റ അഞ്ചു ഡി.വൈ.എഫ്,ഐ പ്രവർത്തകരും തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. താനൂരിൽ സി.പി.എമ്മിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ മുൻ ഏരിയാ സെക്രട്ടറി കൂടിയായ ജയനെ ഇല്ലാതാക്കാൻ രാഷ്ട്രീയ എതിരാളികൾ തക്കം പാർത്തിരിക്കുകയാണ്. പ്രധാന നേതക്കളെ തന്നെ വീഴ്ത്തി പാർട്ടിയെ ദുർബലമാക്കാമെന്ന വ്യാമോഹമാണ്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണൻ ചുള്ളിയത്തിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച അതേ സ്ഥലത്തു തന്നെയാണ് ഞായാറാഴ്ചത്തെ ആക്രമണവും. താനൂർ മണ്ഡലത്തിൽ ഒഴൂരിലും പരിസര പ്രദേശങ്ങളിലും ആർ.എസ്.എസ് ബി.ജെ.പി സംഘങ്ങളുടെ നേതൃത്വത്തിലും തീരദേശത്ത് ഉണ്ണ്യാലിൽ മുസ്ലീം ലീഗ് അക്രമികളുടെ നേതൃത്വത്തിലും ഭീകരമായ അക്രമപ്രവർത്തനങ്ങൾ സി.പി.എമ്മിനു നേരെ തുടരുകയാണ്. ഇത്തരം അക്രമിസംഘങ്ങളെയും അവർക്ക് തണലേകുന്ന ശക്തികളെയും കൂടുതൽ ജനങ്ങളെ അണിനിരത്തി സി.പി.എം ഒറ്റപ്പെടുത്തും. അക്രമികളെ ഉടൻ പിടികൂടണമെന്നും ഇ. ജയനെതിരെയുള്ള ഹീനമായ വധശ്രമത്തിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും സമാധാനപ്രിയരും ജനാധിപത്യ വിശ്വാസികളുമായ മുഴുവൻ പേരും മുന്നോട്ടു വരണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് പ്രസ്താവനയിൽ അഭ്യർഥിച്ചു.