കൊല്ലം : കേരളത്തിന്റെ കേസ്വേഷണ ചരിത്രത്തിൽ തന്നെ ഏറ്റവും അപൂർവ്വതകൾ നിറഞ്ഞതാണ് അഞ്ചലിലെ ഉത്രാ വധക്കേസ്. മൂർഖൻ പാമ്പിനെ കൊലപാതകത്തിനുള്ള ആയുധമായി പരിഗണിച്ച കേരളത്തിലെ ആദ്യ കേസാണിത്. സാധാരണ ഗതിയിൽ ഏതെങ്കിലും ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തുക. എന്നാൽ ഉത്രാ വധക്കേസിൽ ആയുധവും സാക്ഷിയും ഉണ്ടായിരുന്നില്ല. ഒടുവിൽ ഉത്രയെ ഭർത്താവ് സൂരജ് കടിപ്പിച്ച് കൊല്ലാനുപയോഗിച്ച പാമ്പിനെ തന്നെ ആയുധമാക്കാൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.
പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുന്ന കേസുകൾ ഇതിന് മുൻപ് ഉത്തരേന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അതിൽ പലതും തെളിവുകളുടെ അഭാവത്തിൽ ശിക്ഷിക്കപ്പെട്ടില്ല. എന്നാൽ ഉത്രാ കൊലപാതകക്കേസിൽ ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള അന്വേഷണമാണ് നടത്തിയത്.
കൊല്ലം റൂറൽ എസ്പി ആയിരുന്ന ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകനാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. തല്ലിക്കൊന്ന് അഞ്ചലിലെ ഉത്രയുടെ വീട്ടുപറമ്പിൽ കുഴിച്ചിട്ട മൂർഖൻ പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പാമ്പിന്റെ നീളം 152 സെന്റിമീറ്ററും വിഷപ്പല്ലിന്റെ നീളം 0.6 സെന്റിമീറ്ററുമാണെന്ന് കണ്ടെത്തി. പിന്നീട് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ വിദഗ്ദ്ധന്മാരുമായി പല തവണ ചർച്ച നടത്തി.
കേസിൽ ഏറ്റവും മികച്ച നീക്കമായി കണക്കാക്കുന്നത് മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധനയാണ്. സ്വാഭാവികമായി 150 സെ.മി ഉള്ള ഒരു മൂർഖൻ പാമ്പ് കടിച്ചാൽ 1.7 സെ.മി മുതൽ 1.8 സെ.മി വരെ മാത്രമേ മുറിവുണ്ടാകൂ. എന്നാൽ ഉത്രയുടെ ശരീരത്തിൽ ഉണ്ടായിരുന്നത് 2.3 സെ.മിന്റെയും 2.8 സെ.മിന്റെയും രണ്ട് മുറിവുകളാണ്. പാമ്പിനെ ബലമായി പിടിച്ചു കൊത്തിച്ചാൽ ഇത്രയും ആഴത്തിലുള്ള മുറിവ് ഉണ്ടാകുമെന്ന് തെളിയിച്ചത് ഈ ഡമ്മി പരിശോധനയിലൂടെയാണ്.
സാക്ഷികൾ ഇല്ലാത്ത കേസിൽ സൂരജിന് പാമ്പിനെ വിറ്റ പാമ്പുപിടുത്തക്കാരൻ ചിറക്കര സുരേഷിനെ മാപ്പുസാക്ഷിയാക്കിയത് മറ്റൊരു ബുദ്ധിപരമായ നീക്കം. അങ്ങനെ ചെയതിരുന്നില്ലെങ്കിൽ കേസ് തെളിയിക്കുന്നത് വലിയ വെല്ലുവിളിയായേനെ.
അഞ്ചൽ ഏറം സ്വദേശിയായ ഉത്ര മെയ് മാസം ഏഴാം തീയതിയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. സ്വന്തം വീട്ടിലെ കിടപ്പ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ നടത്തിയ തിരച്ചിലിൽ മുറിയിൽ നിന്നു പാമ്പിനെ കണ്ടെത്തി. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറിയെന്ന ഉത്രയുടെ വീട്ടുകാരുടെ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചതും ഭർത്താവ് സൂരജിനെ നിയമത്തിന്റെ മുന്നിലെത്തിച്ചതും.