ജമ്മു- കശ്മീരില്‍ നിയന്ത്രണ രേഖയിലുള്ള പൂഞ്ച്, രജൗരി ജില്ലകളില്‍ പാക്കിസ്ഥാനി സേന നടത്തിയ വെടിവെപ്പില്‍ ഒരു ക്യാപ്റ്റനടക്കം നാല് ജവാന്മാര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സൈന്യത്തിന് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതായും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. രജൗരി ജില്ലയിലെ ഭീംഭെര്‍ ഗാലി സെക്ടറില്‍ ഇന്നലെ വൈകിട്ടാണ് പാക്കിസ്ഥാന്‍ പ്രകോപനമില്ലാതെ കനത്ത തോതില്‍ വെടിവെപ്പും ഷെല്‍വര്‍ഷവും ആരംഭിച്ചതെന്ന് സീനിയര്‍ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കനത്ത ഷെല്‍വര്‍ഷത്തില്‍ നാല് ജവാന്മാര്‍ കൊല്ലപ്പെട്ടതിനു പുറമെ, രണ്ട് ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്നലെ രാവിലെ പൂഞ്ച് ജില്ലയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 15-കാരിക്ക് പരിക്കേറ്റിരുന്നു. നിയന്ത്രണ രേഖയില്‍ ഷാഹ്പുര്‍ സെക്ടറിലാണ് പാക് സേനയുടെ പ്രകോപനം. മുന്‍നിര സൈനിക പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ സൈനികര്‍ നിറയൊഴിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇസ്‌ലാമാബാദ് ഗ്രാമത്തിലെ ഷഹ്‌നാസ് ബാനുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് വരേയും ഇന്ത്യ-പാക് സൈനികര്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
രാവിലെ 11 മണിയോടെയാണ് മോര്‍ട്ടാര്‍ വര്‍ഷത്തോടെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രകോപനം ആരംഭിച്ചതെന്നും ഇന്ത്യന്‍ സൈനികര്‍ തക്ക തിരിച്ചടി നല്‍കിയെന്നും പ്രതിരോധ വക്താവ് പറഞ്ഞു. ജനുവരി 18നും 22നും ഇടയില്‍ ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശമായ ജമ്മു, കത്വ, സാംബ ജില്ലകളിലും നിയന്ത്രണ രേഖയിലുള്ള പൂഞ്ച്, രജൗരി ജില്ലകളിലും പാക്കിസ്ഥാന്‍ നടത്തിയ കടുത്ത ഷെല്ലാക്രമണത്തിലും വെടിവെപ്പിലും എട്ട് സിവിലിയന്മാരടക്കം 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ജനുവരി 22 നുശേഷം അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.