റിയാദ് - ഈ വർഷം സൗദിയിൽ ഓൺലൈൻ വ്യാപാര മേഖലയിൽ വൻ കുതിച്ചുചാട്ടം. ജനുവരി ഒന്നു മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള എട്ടു മാസക്കാലത്ത് 4,424.4 കോടി റിയാലിന്റെ ഓൺലൈൻ വ്യാപാരമാണ് രാജ്യത്ത് നടന്നത്. കഴിഞ്ഞ വർഷം മൊത്തത്തിൽ നടന്ന ഓൺലൈൻ വ്യാപാരത്തെക്കാൾ കൂടുതലാണിത്. 2019 ൽ നടന്ന ഓൺലൈൻ വ്യാപാരത്തിന്റെ മൂന്നിരട്ടിയിലേറെ ഈ വർഷം ആദ്യത്തെ എട്ടു മാസത്തിനിടെ മാത്രം നടന്നു. 2019 ൽ 1,025 കോടി റിയാലിന്റെ ഓൺലൈൻ വ്യാപാരം മാത്രമാണ് രാജ്യത്ത് നടന്നത്.
ഓരോ മാസം കഴിയുന്തോറും ഓൺലൈൻ വ്യാപാരം വർധിച്ചുവരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരിയിൽ 437.8 കോടി റിയാലിന്റെ ഓൺലൈൻ വ്യാപാരമാണ് നടന്നത്. ഓഗസ്റ്റിൽ ഇത് 687 കോടി റിയാലായി ഉയർന്നു. ഫെബ്രുവരി ഒഴികെയുള്ള മാസങ്ങളിൽ ഓൺലൈൻ വ്യാപാരത്തിൽ രണ്ടര ശതമാനം മുതൽ 27.2 ശതമാനം വരെ വളർച്ചയാണ് പ്രതിമാസം രേഖപ്പെടുത്തിയത്. ഫെബ്രുവരിയിൽ ഓൺലൈൻ വ്യാപാരം കുറഞ്ഞു. ജനുവരിയിൽ 437.8 കോടി റിയാലായിരുന്ന ഓൺലൈൻ വ്യാപാരം ഫെബ്രുവരിയിൽ 417.3 കോടി റിയാലായാണ് കുറഞ്ഞത്. മാർച്ചിൽ ഓൺലൈൻ വ്യാപാരത്തിൽ 27.2 ശതമാനം വളർച്ച രേഖപ്പെടുത്തി. മാർച്ചിൽ 530.8 കോടി റിയാലിന്റെ ഓൺലൈൻ വ്യാപാരമാണ് നടന്നത്. ഏപ്രിലിൽ 4.6 ശതമാനം വളർച്ച രേഖപ്പെടുത്തി 555.5 കോടി റിയാലായും മെയ് മാസത്തിൽ 3.4 ശതമാനം വളർച്ച രേഖപ്പെടുത്തി 574.2 കോടി റിയാലായും ജൂണിൽ 2.5 ശതമാനം വളർച്ച രേഖപ്പെടുത്തി 588.7 കോടി റിയാലായും ജൂലൈയിൽ 7.5 ശതമാനം വളർച്ച രേഖപ്പെടുത്തി 632.8 കോടി റിയാലായും ഓഗസ്റ്റിൽ 8.6 ശതമാനം വളർച്ച രേഖപ്പെടുത്തി 687 കോടി റിയാലായും ഓൺലൈൻ വ്യാപാരം വർധിച്ചു.
കഴിഞ്ഞ വർഷം ഓൺലൈൻ വ്യാപാരത്തിൽ 278 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കൊല്ലം 3,882 കോടി റിയാലിന്റെ ഓൺലൈൻ വ്യാപാരമാണ് നടന്നത്. ഈ വർഷം ഇതുവരെ നടന്ന ഓൺലൈൻ വ്യാപാരം കഴിഞ്ഞ കൊല്ലം ആകെ നടന്ന ഓൺലൈൻ വ്യാപാരത്തെക്കാൾ 14 ശതമാനം കൂടുതലാണ്. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ച് ഈ വർഷം ഓൺലൈൻ വ്യാപാര മേഖലയിൽ 20 ശതമാനത്തിലേറെ വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മധ്യപൗരസ്ത്യ രാജ്യങ്ങളിൽ എട്ടു മാസത്തിനിടെ 2,200 കോടി ഡോളറിന്റെ (8,290 കോടി റിയാൽ) ഓൺലൈൻ വ്യാപാരം നടന്നതായാണ് കണക്കാക്കുന്നത്. ഇതിന്റെ പകുതിയിലേറെ സൗദിയിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മധ്യപൗരസ്ത്യദേശത്ത് സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളിലാണ് ഓൺലൈൻ വ്യാപാര മേഖലയിൽ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തുന്നത്.
അറബ് ലോകത്ത് 80 ശതമാനം യുവജനങ്ങളും ആവർത്തിച്ച് ഇന്റർനെറ്റിലൂടെ ഷോപ്പിംഗ് നടത്തുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2019 ൽ ഈ അനുപാതം 71 ശതമാനമായിരുന്നു. മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും 18 മുതൽ 24 വരെ വയസ് പ്രായമുള്ള യുവാക്കൾ കൊറോണ മഹാമാരിക്കു ശേഷം ഷോപ്പിംഗിന് കൂടുതലായി ഇന്റർനെറ്റിനെ ആശ്രയിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മധ്യപൗരസ്ത്യദേശത്തും ഉത്തരാഫ്രിക്കയിലും ഓൺലൈൻ വ്യാപാരം 2,200 കോടി ഡോളറിലെത്തി. മധ്യപൗരസ്ത്യദേശത്തെയും ഉത്തരാഫ്രിക്കയിലെയും 47 ശതമാനം ഉപയോക്താക്കളും ഈ വർഷം കൂടുതൽ ആവർത്തിച്ച് ഓൺലൈൻ വഴി ഷോപ്പിംഗ് നടത്തുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു.