റിയാദ് - കഴിഞ്ഞ വർഷം സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി വരുമാനം 173.8 ബില്യൺ ഡോളറായി കുറഞ്ഞു. അഞ്ചു വർഷത്തിനിടെ എണ്ണ കയറ്റുമതി വരുമാനം ഇത്രയും കുറയുന്നത് ആദ്യമാണ്. 2019 ൽ 261.6 ബില്യൺ ഡോളറും 2018 ൽ 294.3 ബില്യൺ ഡോളറും 2017 ൽ 221.8 ബില്യൺ ഡോളറുമായിരുന്നു സൗദിയുടെ എണ്ണ കയറ്റുമതി വരുമാനം.
കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം ലോകത്ത് സ്ഥിരീകരിക്കപ്പെട്ട ആകെ എണ്ണ ശേഖരം 1,549 ബില്യൺ ബാരലാണ്. 2019 അവസാനത്തിൽ ഇത് 1,546 ബില്യൺ ബാരലായിരുന്നു. കഴിഞ്ഞ വർഷം ഒപെക് രാജ്യങ്ങൾ ഉൽപാദിപ്പിച്ച എണ്ണക്ക് ബാരലിന് ശരാശരി 41.47 ഡോളർ വില ലഭിച്ചു. 2019 ൽ ശരാശരി വില 64.04 ഡോളറായിരുന്നു. എണ്ണ വിലയിൽ 35.2 ശതമാനം കുറവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ശരാശരി വില ബാരലിന് 22.57 ഡോളർ തോതിൽ കുറഞ്ഞു.
കഴിഞ്ഞ കൊല്ലം ലോകത്ത് ആകെ എണ്ണയുൽപാദനം 8.2 ശതമാനം തോതിൽ കുറഞ്ഞു. 2019 നെ അപേക്ഷിച്ച് പ്രതിദിന ഉൽപാദനത്തിൽ 61.5 ലക്ഷം ബാരലിന്റെ കുറവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ലോകത്തെ ആകെ പ്രതിദിന ശരാശരി എണ്ണയുൽപാദനം 6.909 കോടി ബാരലായാണ് കുറഞ്ഞത്. എണ്ണയുൽപാദനത്തിലുണ്ടാകുന്ന റെക്കോർഡ് കുറവാണിത്. കൊറോണ മഹാമാരി സൃഷ്ടിച്ച പ്രത്യാഘാതങ്ങളാണ് എണ്ണയുൽപാദനം റെക്കോർഡ് നിലയിൽ കുറയാൻ ഇടയാക്കിയത്.
ഒപെക് രാജ്യങ്ങളുടെ എണ്ണയുൽപാദനത്തിൽ പ്രതിദിനം 37.2 ലക്ഷം ബാരലിന്റെ കുറവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഒപെക് രാജ്യങ്ങളുടെ എണ്ണയുൽപാദനം 12.7 ശതമാനം തോതിൽ കുറഞ്ഞു. ഒപെക്കിന് പുറത്തുള്ള സ്വതന്ത്ര ഉൽപാദകരുടെ ഉൽപാദനം 5.3 ശതമാനം തോതിലും കുറഞ്ഞു. ഈ രാജ്യങ്ങളുടെ ശരാശരി പ്രതിദിന എണ്ണയുൽപാദനത്തിൽ 24.3 ലക്ഷം ബാരലിന്റെ വീതം കുറവാണ് കഴിഞ്ഞ കൊല്ലം രേഖപ്പെടുത്തിയത്.
ഒപെക് രാജ്യങ്ങൾ കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 1.97 കോടി ബാരൽ ക്രൂഡ് ഓയിൽ വീതമാണ് കയറ്റി അയച്ചത്. 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ക്രൂഡ് ഓയിൽ കയറ്റുമതിയിൽ 12.4 ശതമാനം കുറവ് രേഖപ്പെടുത്തി. പ്രതിദിന കയറ്റുമതിയിൽ 27.8 ലക്ഷം ബാരലിന്റെ കുറവാണ് കഴിഞ്ഞ വർഷമുണ്ടായത്. ഒപെക് രാജ്യങ്ങളുടെ പെട്രോളിയം ഉൽപന്ന കയറ്റുമതിയിൽ കഴിഞ്ഞ വർഷം പ്രതിദിനം നാലു ലക്ഷം ബാരലിന്റെ വീതം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം പ്രതിദിനം ശരാശരി 34.8 ലക്ഷം ബാരൽ പെട്രോളിയം ഉൽപന്നങ്ങളാണ് ഒപെക് രാജ്യങ്ങൾ കയറ്റി അയച്ചത്. പെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ വർഷം 10.4 ശതമാനം തോതിൽ കുറഞ്ഞു.
ഒപെക് രാജ്യങ്ങളിലെ സ്ഥിരീകരിക്കപ്പെട്ട എണ്ണ ശേഖരം കഴിഞ്ഞ വർഷം 1,237 ബില്യൺ ബാരലായി ഉയർന്നു. 2019 നെ അപേക്ഷിച്ച് 0.3 ശതമാനം കൂടുതലാണിത്. കഴിഞ്ഞ കൊല്ലം ലോകത്ത് സ്ഥിരീകരിക്കപ്പെട്ട ആകെ ഗ്യാസ് ശേഖരം 0.4 ശതമാനം തോതിൽ കുറഞ്ഞ് 206.7 ട്രില്യൺ ഘനമീറ്ററിലെത്തി. ഒപെക് രാജ്യങ്ങളിലെ സ്ഥിരീകരിക്കപ്പെട്ട ഗ്യാസ് ശേഖരം 73.74 ട്രില്യൺ ഘനമീറ്ററായും കഴിഞ്ഞ വർഷം കുറഞ്ഞു. 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഒപെക് രാജ്യങ്ങളിലെ ഗ്യാസ് ശേഖരം 1.4 ശതമാനം തോതിലാണ് കുറഞ്ഞത്.