ജിദ്ദ - കോവിഡ് മഹാമാരി ചെറുക്കുന്നതിലും രോഗവ്യാപനം ഫലപ്രദമായി തടയുന്നതിലും സൗദി അറേബ്യ സ്വീകരിച്ച അതിനൂതനവും ശാസ്ത്രീയവുമായ ആരോഗ്യസുരക്ഷാ നടപടികള്‍ ലോകത്തിനാകെ മാതൃകയാക്കാവുന്നതാണെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. ലോകത്തെയാകെ നടുക്കം കൊള്ളിച്ച കോവിഡിനെത്തുടര്‍ന്ന് ജനജീവിതം പ്രതിസന്ധിയിലായവരില്‍ പ്രവാസികളുടെ എണ്ണം വലുതാണെന്നും അവരെ ചേര്‍ത്തുപിടിച്ചു സൗദി ഗവണ്‍മെന്റ് നടപ്പാക്കിയ ജാഗ്രതാപൂര്‍ണമായ നടപടികളില്‍നിന്ന് ഇന്ത്യയുള്‍പ്പെടെയുള്ള നാടുകളിലെ ഭരണാധികാരികള്‍ക്ക് ഏറെ പാഠങ്ങളുള്‍ക്കൊള്ളാനുണ്ടെന്നും ഉംറ നിര്‍വഹിക്കാനെത്തിയ കാന്തപുരം മലയാളം ന്യൂസിനോട് പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോടും ഇന്ത്യന്‍ പ്രവാസികള്‍ ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് പ്രതിസന്ധിക്കിടെയും ഉംറ നിര്‍വഹണം സുഗമമാക്കുന്നതിനുള്ള സാങ്കേതിക നടപടികളില്‍ തനിക്ക് ആദരം നിറഞ്ഞ വിസ്മയമാണ് തോന്നിയതെന്നും മദീനാ സന്ദര്‍ശനവും എളുപ്പമായെന്നും കാന്തപുരം പറഞ്ഞു. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം വിദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് അടുത്ത ഹജ് നിര്‍വഹണമെങ്കിലും സാക്ഷാല്‍ക്കരിക്കപ്പെടാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. കോവിഡ് രോഗത്തിന്റെ ഭീഷണിയെക്കുറിച്ച് രാഷ്ട്രങ്ങളുടെയോ വ്യക്തികളുടെയോ വേര്‍തിരിവില്ലാത്ത വിധം ലോകം സഗൗരവം മനസ്സിലാക്കിയെന്നും മനുഷ്യരുടെ നിസ്സാരത ഇതോടെ വ്യക്തമാക്കപ്പെട്ടുവെന്നും കാന്തപുരം പറഞ്ഞു. ഏറെക്കാലത്തിനു ശേഷമുള്ള ഉംറ നിര്‍വഹണവും ട്രെയിന്‍ മാര്‍ഗമുള്ള മദീനായാത്രയും സിയാറത്തും നല്‍കിയ ആത്മീയനിര്‍വൃതി ചെറുതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.എ.ഇ ഗവണ്‍മെന്റിന്റെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം ദുബായില്‍നിന്ന് ജിദ്ദ സഹ്‌റാനി ഗ്രൂപ്പ് എം.ഡി ഖൈറുര്‍റഹീമിന്റെ അതിഥിയായാണ് കാന്തപുരം ജിദ്ദയിലെത്തിയത്.