തിരുവനന്തപുരം : തന്റെ വർക്ക് ഷോപ്പ് ഉദ്ഘാടന ചടങ്ങിന് സ്പീക്കറെ ക്ഷണിച്ചത് വ്യക്തിബന്ധത്തിന്റെ പേരിലെന്ന് സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സന്ദീപ് നായർ. വ്യക്തിബന്ധത്തിന്റെ പേരിലാണ് സ്പീക്കറെ ക്ഷണിച്ചത്. അതല്ലാതെ മറ്റ് കാര്യങ്ങൾ അതിൽ ഇല്ലെന്നും സന്ദീപ് നായർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഞാൻ നേരിട്ട് പോയി ക്ഷണിക്കുകയായിരുന്നു. ഉദ്ഘാടനത്തിന് സ്വപ്നയുണ്ടായിരുന്നു. സ്വർണം കടത്തി എന്ന ആരോപണമാണ് എന്റെ പേരിലുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തു. കൊഫേപോസെ ചുമത്തി. ഒരു വർഷം കരുതൽ തടങ്കലിലാക്കി. ഇപ്പോൾ വിട്ടയച്ചു. ഇനി കോടതി ശിക്ഷ വിധിക്കുമ്പോഴാണ് ആരാണ് കുറ്റവാളിയെന്ന് മനസ്സിലാകുകയെന്നും സന്ദീപ് നായർ പറഞ്ഞു.
കോൺസലേറ്റിൽ ഈദുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വരുമ്പോൾ അതിൽ ചാരിറ്റി പ്രവർത്തനങ്ങൾക്ക് പുറത്ത് കരാർ കൊടുക്കും. അങ്ങനെ ചില കാര്യങ്ങൾ സരിത്തുമായി ബന്ധപ്പെട്ട് ചെയ്തിട്ടുണ്ട്. 2013ൽ സ്വർണം കടത്ത് കേസുമായി ബന്ധപ്പെട്ട് എന്റെ ഫോണിൽ നിന്ന് ഒരു കോൾ പോയെന്ന് പറഞ്ഞ് കസ്റ്റംസ് വിളിച്ചിരുന്നു. ആ കേസുമായി ബന്ധപ്പെട്ട് റമീസിനെ നിരന്തരം ബന്ധപ്പെട്ടിരുന്നു. അങ്ങനെയാണ് റമീസിനെ പരിചയം.
ഞാൻ നിരപരാധിയോ അപരാധിയോ എന്നത് വരുംകാലങ്ങളിൽ മനസ്സിലാകും. ഫൈസൽ ഫരീദിനെ വാർത്തകളിലൂടെ മാത്രമേ അറിയുകയുള്ളൂ. സരിത്ത് എന്റെ സുഹൃത്താണ്. 2006 മുതൽ സരിത്തിനെ അറിയാം. സരിത്ത് മുഖേനയാണ് സ്വപ്ന സുരേഷുമായുള്ള പരിചയം. കോടതിയിൽ കേസുകളുള്ളതിനാൽ എല്ലാ കാര്യങ്ങളും ഇപ്പോൾ തുറന്നുപറയാനാവില്ലെന്നും സന്ദീപ് നായർ പറഞ്ഞു.