കോഴിക്കോട് : പറമ്പിലും വഴിയരികിലുമൊക്കെ തൊട്ടാവാടി ചെടിയെ കണ്ടാൽ നമുക്ക് കലിയിളകും. എങ്ങനെയെങ്കിലും അതിനെ പഴിതുമാറ്റാനാകും ശ്രമം. ഇല്ലെങ്കിൽ തൊട്ടവാടിയുടെ മുള്ളുകൾ ശരീരത്തിൽ കുത്തിക്കയറും. കുട്ടികൾ പറമ്പിലേക്ക് കളിക്കാനിറങ്ങിയാൽ അങ്ങോട്ട് പോകേണ്ട, തൊട്ടാവാടിയുണ്ടെന്ന് പറയും. അതെല്ലാം പഴയകാലം. ഇപ്പോൾ തൊട്ടാവാടി ചെടി വല്യ സ്ഥിതിയാലാണ്. സായിപ്പിന്റെ വീട്ടിനുള്ളിലാണ് വാസം.
ഓൺലൈൻ വിപണിയിൽ തൊട്ടാവാടി ചെടിക്കും വിത്തിനും നല്ല ഡിമാന്റാണ്. ആമസോണിൽ തൊട്ടാവാടി ചെടിക്ക് 60 രൂപ മുതൽ 330 രൂപ വരെയാണ് വില. ഷോപ്പ് ക്ലൂസ് ഡോട്ട് കോമിൽ 160 രൂപയും ഫഌപ്പ് കാർട്ടിൽ അൻപത് വിത്തിന്റ പാക്കറ്റിന് 100 രൂപയുമാണ് വില.
യൂറോപ്യൻ രാജ്യങ്ങളിൽ വീട്ടിനുള്ളിൽ മുറികൾക്ക് അലങ്കാരമായി തൊട്ടാവാടി ചെടി വളർത്തുന്നുണ്ട്. അതാണ് ഓൺലൈൻ വിപണിയിൽ താരമാകാൻ കാരണം. വിദേശികളെ അനുകരിക്കുന്ന പണി ഇന്ത്യക്കാർക്കുള്ളതിനാൽ ഇന്ത്യയിലും വീടിന്റെ അകത്തളങ്ങളിൽ തൊട്ടാവാടി വളർത്താൻ ആളുകൾ തയ്യാറാകുമെന്നും അതോടെ കച്ചവടം കൂടുമെന്നുമാണ് ഓൺലൈൻ കച്ചവടക്കാരുടെ കണക്കു കൂട്ടൽ.
ഔഷധ ഗുണമുള്ള തൊട്ടാവാടി ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതിന് വലിയ വിലയൊന്നും കിട്ടാറില്ല.